Kerala

ശബരിമല: ജനുവരി അഞ്ചുവരെ നിരോധനാജ്ഞ നീട്ടി; പത്തനംതിട്ടയില്‍ ആകെ 106 കേസുകള്‍

ശബരിമല: ജനുവരി അഞ്ചുവരെ നിരോധനാജ്ഞ നീട്ടി; പത്തനംതിട്ടയില്‍ ആകെ 106 കേസുകള്‍
X

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ ജനുവരി അഞ്ചുവരെ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ അഞ്ചിന് അര്‍ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ കലക്ടറുമായ പി ബി നൂഹ് ഉത്തരവിട്ടു. ഇന്നു രാവിലെ ആറു മുതല്‍ ജനുവരി അഞ്ചിന് അര്‍ധരാത്രി വരെയാണ് ഉത്തരവ് പ്രാബല്യത്തിലുണ്ടാവുക. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കാനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും പൊതുമുതല്‍ സംരക്ഷിക്കാനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പമ്പാ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ദര്‍ശനത്തിനെത്താനോ ശരണം വിളിക്കാനോ നാമജപം നടത്താനോ ഉത്തരവ് തടസ്സമാവില്ല.

അതേസമയം, ഡിസംബര്‍ 23ന് ശബരിമല ദര്‍ശനത്തിനെത്തിയ മനീതി സംഘടനയില്‍പ്പെട്ട 11 യുവതികളെ പമ്പ ഗാര്‍ഡ് റൂമിന് സമീപം തടഞ്ഞതിന് 10 പേര്‍ക്കെതിരേയും, സ്വാമി അയ്യപ്പന്‍ റോഡ് ആരംഭിക്കുന്ന ഭാഗത്ത് വീണ്ടും യുവതികളെ തടഞ്ഞതിന് 200ഓളം പേര്‍ക്കെതിരേയും കേസെടുത്തു.

24ന് ദര്‍ശനത്തിനെത്തിയ ബിന്ദു, കനകദുര്‍ഗ എന്നീ സ്ത്രീകളെ അപ്പാച്ചിമേട്ടില്‍ ഒരു സംഘം തടഞ്ഞതിന് കണ്ടാലറിയാവുന്ന 44 പേര്‍ക്കെതിരേയും സന്നിധാനം ഗവ. ആശുപത്രിക്കു സമീപം സ്ത്രീകളെ തടഞ്ഞതിന് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേയും ചന്ദ്രാനന്ദന്‍ റോഡില്‍ സ്ത്രീകളെ തടഞ്ഞതിന് 150 പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി റിപോര്‍ട്ട് നല്‍കി.

ജില്ലയില്‍ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ അക്രമ സംഭവങ്ങളില്‍ ഇതുവരെ 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെയും തീര്‍ഥാടകരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനും നിലവില്‍ ശബരിമലയെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ ശബരിമലയുടെ പല ഭാഗങ്ങളില്‍ കേന്ദ്രീകരിക്കാന്‍ സാധ്യതയുള്ളതും ജനങ്ങളുടെയും തീര്‍ഥാടകരുടെയും ഇടയില്‍ നുഴഞ്ഞുകയറി പലതരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുള്ളതിനാല്‍ ജനുവരി 14 വരെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പോലിസ് മേധാവി റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിനുപുറമേ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും ശബരിമല അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെയും റിപോര്‍ട്ടുകള്‍ കണക്കിലെടുത്തും ശബരിമലയിലെ സ്ഥിതിഗതികള്‍ നേരിട്ടു മനസ്സിലാക്കിയതിന്റെയും അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it