Kerala

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധം: ജോജു ജോര്‍ജ്ജ് മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം

പോലിസിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായത്.മദ്യപിച്ചെത്തിയാണ് ജോജു ജോര്‍ജ്ജ് ബഹളമുണ്ടാക്കിയതെന്നായിരുന്നു കോണ്‍ഗ്രസിന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും ആരോപണം

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധം: ജോജു ജോര്‍ജ്ജ് മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം
X

കൊച്ചി:കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പരസ്യമായ പ്രതിഷേധം നടത്തിയ നടന്‍ ജോജു ജോര്‍ജ്ജ് മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യ പരിശോധന ഫലം.പോലിസിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായത്.മദ്യപിച്ചെത്തിയാണ് ജോജു ജോര്‍ജ്ജ് ബഹളമുണ്ടാക്കിയതെന്നായിരുന്നു കോണ്‍ഗ്രസിന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും ആരോപണം.

മുന്‍കൂട്ടി അനുവാദം വാങ്ങിയതിനു ശേഷമായിരുന്നു സമരം നടത്തിയതെന്നും ആളാകാന്‍ വേണ്ടിയാണ് ജോജു ജോര്‍ജ് ഇത്തരം നടപടികള്‍ നടത്തിയതെന്നും വനിതാ നേതാക്കളെ ജോജു ജോര്‍ജ്ജ് ആക്ഷേപിച്ചുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.ജോജു ജോര്‍ജ്ജിനെതിരെ വനിതാ നേതാക്കള്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ മദ്യപിച്ചിട്ടില്ലെന്നും രണ്ടു മണിക്കൂറോളമായി വഴിയില്‍ കിടന്നു ബുദ്ധിമുട്ടിയതിനെ തുടര്‍ന്നാണ് താന്‍ പ്രതിഷേധം അറിയിച്ചതെന്നുമാണ് ജോജു ജോര്‍ജ്ജ് പറഞ്ഞത്.

ജോജു ജോര്‍ജ്ജിന്റെ വാഹനത്തിനു നേരെയും ആക്രമണമുണ്ടായി.വാഹനത്തിന്റെ ചില്ലുകള്‍ അടക്കം തല്ലിതകര്‍ത്തിരുന്നു.താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളല്ലെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു ജോര്‍ജ്ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ വാഹനം തല്ലിപ്പൊളിച്ച് തന്നെ ആക്ഷേപിക്കുകയായിരുന്നു ചെയ്തതെന്നും ജോജു ജോര്‍ജ് പറഞ്ഞു.

തന്റെ വാഹനത്തിനു സമീപം ഉണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ കീമോ തെറാപ്പി ചെയ്യാന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന കുട്ടിയുണ്ടായിരുന്നു.മറ്റു ചില വാഹനങ്ങളിലും ആശുപത്രിയില്‍ പോകുന്ന രോഗികള്‍ ഉണ്ടായിരുന്നു. ഇവരെല്ലാവരും മണിക്കൂറുകളായി വഴിയില്‍ കിടന്നു ബുദ്ധിമുട്ടുന്നത് കണ്ടിട്ടാണ് താന്‍ ഇറങ്ങി പ്രതിഷേധിച്ചതെന്നും ജോജു ജോര്‍ജ്ജ് പറഞ്ഞു.

Next Story

RELATED STORIES

Share it