India

മോദിയുടെ പരിപാടി ബഹിഷ്‌കരിക്കുമെന്ന് യുപി മന്ത്രി

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗവും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഓം പ്രകാശ് രജ്ബാര്‍ അറിയിച്ചു.

മോദിയുടെ പരിപാടി ബഹിഷ്‌കരിക്കുമെന്ന് യുപി മന്ത്രി
X

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ നിന്നു തന്നെ നരേന്ദ്രമോദിക്കെതിരേ പ്രതിഷേധമുയരുന്നു. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗവും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഓം പ്രകാശ് രജ്ബാര്‍ അറിയിച്ചു. ട്രേഡ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നടക്കുന്ന റീജ്യണല്‍ സമ്മിറ്റില്‍ പങ്കെടുക്കാനെത്തുന്ന മോദി ഗാസിയാപൂരില്‍ മഹാരാജ സുഹല്‍ദിയോയുടെ പേരില്‍ അച്ചടിച്ച പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കുന്ന ചടങ്ങില്‍ നിന്നാണ് യുപി മന്ത്രി വിട്ടുനില്‍ക്കുമെന്ന് അറിയിച്ചത്.

മഹാരാജ സുഹല്‍ദേവ് രജ്ബാര്‍ എന്ന മുഴുവന്‍ പേരും സ്റ്റാമ്പില്‍ അച്ചടിച്ചില്ലെന്നും പിന്നാക്ക വിഭാഗത്തിന്റെ നേതാവായ അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണിതെന്നുമാണ് ഓം പ്രകാശ് രജ്ബാറിന്റെ അഭിപ്രായം. ഇതിനുപുറമെ, എന്‍ഡിഎയുമായി അകല്‍ച്ചയിലുള്ള അപ്‌നാ ദള്‍ ഉള്‍പ്പെടെയുള്ള ചെറുകക്ഷികളും മോദി പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കുന്നുണ്ട്.

എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നും സീറ്റ് ധാരണയിലുള്‍പ്പെടെയും ഇപ്പോഴും കാര്യമായ വ്യക്തത വരുത്തിയിട്ടില്ലെന്നുമാണ് അപ്‌നാ ദള്‍ ഉള്‍പ്പെടെയുള്ള കക്ഷികളുടെ ആരോപണം. അടുത്തകാലത്ത് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്ന സ്ഥലങ്ങളില്‍ ബിജെപിക്ക് മികച്ച നേട്ടം നല്‍കിയ ഉത്തര്‍പ്രദേശില്‍ തന്നെ മോദിയുടെ നയങ്ങളോട് എതിര്‍പ്പുയരുന്നത് ബിജെപിയില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it