India

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പോസ്റ്റ്മോർട്ടം വീഡിയോയിൽ കൊടുംക്രൂരതയുടെ തെളിവുകൾ

ബെന്നിക്‌സിന്റെ പൃഷ്ഠഭാഗം തൊലിയുരിഞ്ഞ നിലയിലാണ് കാണുന്നത്. മാംസം ചോരപ്പാടോടെ പുറത്തുകാണാം.

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പോസ്റ്റ്മോർട്ടം വീഡിയോയിൽ കൊടുംക്രൂരതയുടെ തെളിവുകൾ
X

ചെന്നൈ: തൂത്തുക്കുടിയിൽ കസ്റ്റഡിയിൽ മരിച്ച ജയരാജിനെയും മകൻ ബെന്നിക്‌സിനെയും അതിക്രൂരമായാണ് പോലിസ് പീഡിപ്പിച്ചതെന്ന് വ്യക്തമാവുന്ന കൂടുതൽ തെളിവുകൾ പുറത്ത്. പോസ്റ്റ്‌മോർട്ടം വീഡിയോ ഒരു തമിഴ് മാസികയാണ് ഓൺലൈനിൽ പുറത്തുവിട്ടത്. പോസ്റ്റ്‌മോർട്ടം നടക്കുന്ന വേളയിൽ കോവിൽപ്പെട്ടി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എംഎസ് ഭാരതീദാസൻ കുറിപ്പുകൾ തയ്യാറാക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.

ബെന്നിക്‌സിന്റെ പൃഷ്ഠഭാഗം തൊലിയുരിഞ്ഞ നിലയിലാണ് കാണുന്നത്. മാംസം ചോരപ്പാടോടെ പുറത്തുകാണാം. ജയരാജിന്റെ ചുണ്ടിലും മുഖത്ത് പലയിടങ്ങളിലും രക്തം കട്ടപിടിച്ച നിലയിലാണ്. രഹസ്യഭാഗങ്ങളിലും മുറിവേറ്റതായി ഇതിൽ വ്യക്തമാകുന്നുണ്ട്. പോസ്റ്റ്മോർട്ടം നടത്തുമ്പോൾ ചില അടുത്ത ബന്ധുക്കൾക്ക് പ്രവേശനാനുമതി നൽകിയിരുന്നു. ജയരാജിന്റെയും ബെന്നിക്സിന്റെയും പരിക്കുകൾകണ്ട് അവർ പൊട്ടിക്കരയുന്ന ശബ്ദവും കേൾക്കാനാവും.

സാത്താൻകുളം സ്റ്റേഷനിൽ ക്രൂരമായി പീഡിപ്പിച്ചശേഷം ജയരാജിനെയും ബെന്നിക്സിനെയും കോവിൽപ്പെട്ടി സർക്കാർ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. ഗുരുതര പരിക്കുകളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിട്ടും ഇതൊന്നും പരിഗണിക്കാതെയാണ് പോലിസ് സംഘം ജയരാജിനെയും ബെന്നിക്സിനെയും കോവിൽപ്പെട്ടി സബ് ജയലിലിലേക്ക്‌ കൊണ്ടുപോയത്.

അച്ഛനും മകനും സാത്താൻകുളം പോലിസ് കസ്റ്റഡിയിൽ എട്ടുമണിക്കൂർ തുടർച്ചയായി പീഡിപ്പിക്കപ്പെട്ടു എന്നാണ് മജിസ്‌ട്രേറ്റ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിൽ നൽകിയ റിപോർട്ടിൽ പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുദ്രവെച്ച കവറിലാണ് കോടതിക്ക് കൈമാറിയിരുന്നത്.

സാത്താൻകുളത്ത് വ്യാപാരികളായ ജയരാജിനെയും ബെന്നിക്സിനെയും, ലോക്ഡൗൺനിയമം ലംഘിച്ചെന്നാരോപിച്ച് ജൂൺ 19-നാണ് അറസ്റ്റുചെയ്തത്. കസ്റ്റഡിയിൽ പോലിസിന്റെ ക്രൂരമായ പീഡനത്തെത്തുടർന്നായിരുന്നു മരണം. സംഭവത്തിൽ സിബിഐ അന്വേഷണം തുടരുകയാണ്. പത്തു പോലിസുകാർ ഇതിനകം അറസ്റ്റിലായി.

Next Story

RELATED STORIES

Share it