India

മോദി പ്രഭാവം മങ്ങി; കൈ ഉയര്‍ത്തി രാഹുല്‍ ഗാന്ധി

അഞ്ച് സംസ്ഥാനങ്ങളിലെ ചിത്രം പുറത്തുവന്നപ്പോള്‍ ഒരു കാര്യം സംശയമില്ലാതെ പറയാനാകും. നാളിതുവരെ ബിജെപി ആഘോഷിച്ച, ഓരോ റാലികളിലും പാടിനടന്ന മോദിപ്രഭാവത്തിന് മങ്ങലേറ്റിരിക്കുന്നു. അഞ്ചിടത്തും മോദിതരംഗം ആഞ്ഞടിച്ചില്ലെന്ന് ഫലസൂചനകളില്‍ നിന്ന് വ്യക്തം.

മോദി പ്രഭാവം മങ്ങി; കൈ ഉയര്‍ത്തി രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: 56 ഇഞ്ചിന്റെ മോദി പ്രഭാവം മങ്ങിയതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നതാണ് ഹിന്ദി ഹൃദയ ഭൂമിയിലെ ബിജെപിയുടെ തകര്‍ച്ച. രാമ ക്ഷേത്ര വിഷയമടക്കം വര്‍ഗീയ കാര്‍ഡുകള്‍ ബിജെപിയെ വേണ്ടത്ര സഹായിച്ചില്ലെന്ന് തന്നേയാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ആറാം വട്ടവും ഗുജറാത്തില്‍ മോദിപ്രഭാവത്തിലൂടെ നേടിയ വിജയം ഹിമാചല്‍ പ്രദേശിലെ ജയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുന്നേറ്റം എന്നിവ നരേന്ദ്രമോദി-അമിഷാ ഷാ കൂട്ടുകെട്ടിന്റെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. എന്നാല്‍ അഞ്ചിലെ ജനവിധി ഈ കൂട്ടുകെട്ടിനേറ്റ തിരിച്ചടി കൂടിയാവുകയാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ ചിത്രം പുറത്തുവന്നപ്പോള്‍ ഒരു കാര്യം സംശയമില്ലാതെ പറയാനാകും. നാളിതുവരെ ബിജെപി ആഘോഷിച്ച, ഓരോ റാലികളിലും പാടിനടന്ന മോദിപ്രഭാവത്തിന് മങ്ങലേറ്റിരിക്കുന്നു. അഞ്ചിടത്തും മോദിതരംഗം ആഞ്ഞടിച്ചില്ലെന്ന് ഫലസൂചനകളില്‍ നിന്ന് വ്യക്തം.

കര്‍ഷക പ്രശ്‌നങ്ങളും ഇന്ധന വിലവര്‍ദ്ധനയടക്കമുള്ള സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായത്. കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ബിജെപി പ്രതിപക്ഷ പ്രചരണത്തെ അവഗണിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്ക് കൃഷിയറിയാമോ എന്നതോ കോണ്‍ഗ്രസ് എന്തുചെയ്തു എന്നതോ രാജസ്ഥാനിലെ കര്‍ഷകര്‍ക്ക് പ്രധാനമല്ലായിരുന്നു. മോദിസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്നവര്‍ക്ക് നന്നായി അറിയാമായിരുന്നു. അതുതന്നെയാണ് രാജസ്ഥാനിലെ ഫലസൂചനകള്‍ പറയുന്നത്. കഴിഞ്ഞ തവണ 163 എന്ന വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപി ഇക്കുറി ഇതുവരെയുള്ള ഫലം വരുമ്പോള്‍ 73ല്‍ ഒതുങ്ങി.

കൊട്ടിഘോഷിച്ച നോട്ടുനിരോധനം പരാജയമാണെന്ന് തെളിഞ്ഞു. തൊഴിലില്ലായ്മയില്‍ യുവാക്കള്‍ വലഞ്ഞു. കാര്‍ഷിക ഉത്പ്പന്നങ്ങളുടെ വിലത്തകര്‍ച്ച കര്‍ഷകരെയും അകറ്റി. രാജ്യം കണ്ട എക്കാലത്തെയും വലിയ കര്‍ഷകപ്രക്ഷോഭത്തെ അവഗണിച്ച് ബിജെപി വികസന അജണ്ടകളെക്കുറിച്ചും കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയെക്കുറിച്ചും സംസാരിച്ചു. 2014ലേതിന് സമാനമായി 2019നെ നേരിടാമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകള്‍ക്കും പ്രതീക്ഷകള്‍ക്കുമൊന്നും ഇനി പ്രസക്തിയില്ല.

അതേസമയം, തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നതില്‍ സംശയമില്ല. അതില്‍ പ്രധാനപ്പെട്ടതാണ് നേതൃത്വ നിരയില്‍ രാഹുലിന്റെ ഉയര്‍ച്ച. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കടിഞ്ഞാണ്‍ രാഹുലിന്റെ കൈകളില്‍ ബദ്രമായിരിക്കുമെന്ന കോണ്‍ഗ്രസിന് മടികൂടാതെ പറയാം. ഇത് ചൂണ്ടിക്കാട്ടി പ്രാദേശിക പാര്‍ട്ടികളെ തങ്ങളുടെ കുടക്കീഴിലാക്കാനും കോണ്‍ഗ്രസിന് സാധിക്കും. രാഷ്ട്രീയത്തില്‍ പക്വത ഇല്ലെന്ന പ്രതിപക്ഷത്തിന്റേയും പ്രാദേശിക പാര്‍ട്ടികളുടേയും വിമര്‍ശനം ഇനി രാഹുലിനെതിരെ ചെലവാകില്ലെന്ന് കോണ്‍ഗ്രസിന് ധൈര്യപൂര്‍വ്വം സമര്‍ത്ഥിക്കാം.


Next Story

RELATED STORIES

Share it