India

ഇതാ മറ്റൊരു 'ഗുജറാത്ത് മോഡല്‍': 12000 സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ളത് ഒന്നോ രണ്ടോ അധ്യാപകര്‍

മിക്ക സ്‌കൂളുകളിലും ഒരേ അധ്യാപകര്‍ തന്നെയാണ് എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നത്.

ഇതാ മറ്റൊരു ഗുജറാത്ത് മോഡല്‍: 12000 സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ളത് ഒന്നോ രണ്ടോ അധ്യാപകര്‍
X

ഗാന്ധിനഗര്‍: ഗുജറാത്തിലെ 12000ത്തോളം സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നോ രണ്ടോ അധ്യാപകര്‍ മാത്രമാണുള്ളതെന്നു സര്‍വേ റിപോര്‍ട്ട്. ഗുജറാത്ത് സര്‍ക്കാരിനു കീഴിലെ വിദ്യാഭ്യാസ വിഭാഗം നടത്തിയ റിപോര്‍ട്ടിലാണ് 'ഗുജറാത്ത് മോഡല്‍' പുറത്തായത്. ആകെയുള്ള 32772 സ്‌കൂളുകളില്‍ 15171 സ്‌കൂളുകളിലും നൂറില്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമാണുള്ളത്. ആകെ സര്‍ക്കാര്‍ സ്‌കൂളുകളുടെ 26 ശതമാന(8673 സ്‌കൂളുകള്‍)ത്തിലും 51ല്‍ താഴെയാണ് കുട്ടികളുള്ളതെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. 20 ശതമാനം സ്‌കൂളുകളില്‍ മാത്രമാണ് 100നു മുകളില്‍ കുട്ടികളുള്ളത്. ആകെ 46 ശതമാനം സ്‌കൂളുകളിലും നൂറില്‍ താഴെയാണ് കുട്ടികളുടെ എണ്ണം. മിക്ക സ്‌കൂളുകളിലും ഒരേ അധ്യാപകര്‍ തന്നെയാണ് എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 100ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകള്‍ മെല്ലെമെല്ലെ അടച്ചുപൂട്ടാനുള്ള നീക്കത്തിലാണെന്നും ആരോപണമുണ്ട്.

കുട്ടികളും അധ്യാപകരും കുറഞ്ഞ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും ഗുണനിലവാരമുള്ള സ്‌കൂളുകളിലേക്ക് കുട്ടികളെ എത്തിക്കാന്‍ ഗതാഗത സൗകര്യം ഏര്‍പ്പെടുത്താനും ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിന്‍ ചുദാസാമ പറഞ്ഞു. ഇത് പണം ലാഭിക്കാനുള്ള മാര്‍ഗമല്ല. കുട്ടികളുടെയും അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. സ്‌കൂളുകള്‍ക്ക് മികച്ച അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള വിദ്യാഭ്യാസ ബജറ്റില്‍ 27000 കോടി രൂപയാണ് അനുവദിച്ചതെങ്കിലും ഇതിന്റെ സിംഹഭാഗവും സ്‌കൂളുകളുടെ അറ്റകുറ്റപ്പണിക്കും മറ്റുമാണ് നീക്കിവച്ചിട്ടുള്ളത്.

എന്നാല്‍ സര്‍ക്കാര്‍ നീക്കം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും അവര്‍ക്ക് ഭയം കൂടുമെന്നും കുട്ടികളുടെ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ശൈശവിന്റെ സഹസ്ഥാപകന്‍ പറുല്‍ ഷെയ്ത്ത് പറഞ്ഞു. സര്‍ക്കാര്‍ സ്‌കുളുകള്‍ പൂട്ടുന്നതോടെ സ്വകാര്യ സ്‌കൂളുകള്‍ കൂണ്‍ പോലെ മുളച്ചുപൊന്തും. രണ്ടു പതിറ്റാണ് മുമ്പ് 125 സര്‍ക്കാര്‍ സ്‌കൂളിനു 70 സ്വകാര്യ സ്‌കൂളുകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ 55 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു 30ലേറെ സ്വകാര്യ സ്‌കൂളുകള്‍ എന്ന നിലയിലെത്തി. അതിനുപുറമെ, കച്ച്, സൗരാഷ്ട്ര തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലും ഗോത്രമേഖലകളിലും സേവനമനുഷ്ഠിക്കാന്‍ അധ്യാപകര്‍ തയ്യാറാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ ഗുജറാത്തിന് ഇപ്പോള്‍ 10ാം സ്ഥാനമാണുള്ളത്. രാജസ്ഥാനില്‍ ഇത്തരത്തില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി മികച്ച നിലവാരമുള്ള സ്‌കൂളുകളിലേക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തിയപ്പോള്‍ മികച്ച പ്രതികരണം ലഭിച്ചതാണ് ഗുജറാത്ത് സര്‍ക്കാരിനെ ഇത്തരത്തില്‍ ചിന്തിപ്പിച്ചതെന്നാണ് വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥരുടെ വാദം. നേരത്തേ, പലരും ഗുജറാത്ത് വികസനത്തിനു മാതൃകയാണെന്നു വാദമുന്നയിച്ചിരുന്നെങ്കിലും പിന്നീട് ഓരോന്നും കണക്കുകള്‍ സഹിതം പുറത്തുവന്നതോടെ ഗുജറാത്ത് മോഡലെന്ന ബിജെപി വാദം തകര്‍ന്നുവീഴുകയായിരുന്നു.




Next Story

RELATED STORIES

Share it