India

നിർഭയ കേസിൽ വീണ്ടും മരണവാറണ്ട്

തിഹാർ ജയിൽ സൂപ്രണ്ടിന്റെയും നിർഭയയുടെ മാതാപിതാക്കളുടെയും ഹരജിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ വാറണ്ടിറക്കുന്നത് മൂന്നാം തവണയാണ്.

നിർഭയ കേസിൽ വീണ്ടും മരണവാറണ്ട്
X

ന്യൂഡൽഹി: നിർഭയ കേസ് പ്രതികളെ മാർച്ച് മൂന്നിനു രാവിലെ ആറിന്‌ തൂക്കിലേറ്റാൻ ഡൽഹി അഡീഷണൽ സെഷൻസ് കോടതി പുതിയ മരണവാറണ്ടിറക്കി. വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരുടെ അപേക്ഷകളൊന്നും നിലവിലില്ലെന്നു നിരീക്ഷിച്ചാണ് നടപടി.

തിഹാർ ജയിൽ സൂപ്രണ്ടിന്റെയും നിർഭയയുടെ മാതാപിതാക്കളുടെയും ഹരജിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ വാറണ്ടിറക്കുന്നത് മൂന്നാം തവണയാണ്. നേരത്തേ, ജനുവരി 22നും പിന്നീട് ഫെബ്രുവരി ഒന്നിനും മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളിൽ ചിലരുടെ അപേക്ഷകൾ തീർപ്പാവാഞ്ഞതിനാൽ ഉത്തരവ് സ്റ്റേ ചെയ്തു. ഒരു കേസിലെ ഏതെങ്കിലും പ്രതിയുടെ അപേക്ഷ തീർപ്പാവാതെയുണ്ടെങ്കിൽ ആ കേസിലെ മറ്റുപ്രതികളെയും തൂക്കിലേറ്റാനാവില്ലെന്നാണ്‌ ജയിൽ ചട്ടം.

പവൻ ഗുപ്ത തിരുത്തൽ ഹരജിയും ദയാഹരജിയും നൽകാൻ ആഗ്രഹിക്കുന്നതായി അഭിഭാഷകൻ രവി ഖ്വാസി അറിയിച്ചു. എന്തെങ്കിലും ഹരജികൾ നൽകുന്നുണ്ടെങ്കിൽ അത് ഒരാഴ്ചയ്ക്കകം വേണമെന്ന് ഫെബ്രുവരി അഞ്ചിന്‌ ഹൈക്കോടതി പറഞ്ഞതല്ലേയെന്ന് കോടതി ചോദിച്ചു.

എന്നാൽ, ഹൈക്കോടതിയുടെ ഉത്തരവ് അന്നത്തെ അഭിഭാഷകൻ എപി സിങ് പവൻ ഗുപ്തയെ അറിയിച്ചില്ലെന്ന് രവി ഖ്വാസി വ്യക്തമാക്കി. പ്രതിയെ വിവരമറിയിക്കേണ്ട കർത്തവ്യം നിർവഹിച്ചില്ലെന്നുകണ്ടാൽ സിങ്ങിനെതിരേ നടപടിയെടുക്കാൻ ഡൽഹി ബാർ കൗൺസിലിനോട് ആവശ്യപ്പെടുമെന്ന് കോടതി മുന്നറിയിപ്പു നൽകി. അതേസമയം, ജയിലധികൃതരെയും പവന്റെ അച്ഛനെയും ഇക്കാര്യം അറിയിച്ചതാണെന്ന് എപി സിങ് പറഞ്ഞു. ഹൈക്കോടതി നൽകിയ സമയപരിധി കഴിഞ്ഞതിനാൽ ഇനി നിയമപരമായി ഒന്നും ബാക്കിയില്ലെന്നും മരണവാറണ്ടയക്കണമെന്നും പ്രോസിക്യൂട്ടർ രാജീവ് മോഹൻ കോടതിയോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it