India

നീരവ് മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് സ്‌ഫോടനം നടത്തി പൊളിച്ചു

30 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇതിനു വേണ്ടി ഉപയോഗിച്ചതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു

നീരവ് മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് സ്‌ഫോടനം നടത്തി പൊളിച്ചു
X

മുംബൈ: കോടിക്കണക്കിനു രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ 100 കോടി വിലമതിക്കുന്ന ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ തകര്‍ത്തു. ഒന്നര ഏക്കര്‍ ഭൂമിയില്‍ നിര്‍മിച്ച കെട്ടിടം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. കൈയേറ്റവും അനധികൃത നിര്‍മാണവും കണ്ടെത്തിയതിനെ തുടര്‍ന്ന് ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് നടപടി. ആദ്യം വലിയ കോണ്‍ക്രീറ്റ് തൂണുകളാണ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തത്. 30 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇതിനു വേണ്ടി ഉപയോഗിച്ചതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബംഗ്ലാവ് ഉള്‍പ്പെടുന്ന സ്ഥലം എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കുകയും ചെയ്തു. കെട്ടിടത്തിലെ മൂല്യമേറിയ വസ്തുക്കള്‍ ലേലത്തില്‍ വയ്ക്കാനാണു തീരുമാനം.അലിബാഗ് കടല്‍ത്തീരത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന കെട്ടിടം നിര്‍മിക്കാന്‍ നീരവ് മോദി 25 കോടി രൂപ ചെലവിട്ടതായാണു വിവരം. 33,000 ചതുരശ്ര അടിയിലാണു കെട്ടിടം ഉള്ളത്. ഇതില്‍ മുന്‍ ഭാഗത്തെ പൂന്തോട്ടം ഉള്‍പ്പെടെ കൈയേറ്റമാണെന്നു നേരത്തേ കണ്ടെത്തിയിരുന്നു. നിരവധി ആഡംബര മുറികളും സ്വകാര്യ ബാറുകളും ഉള്‍പ്പെടെയുള്ളവയാണ് രൂപാന എന്ന പേരില്‍ അറിയപ്പെടുന്ന കെട്ടിടത്തിലുണ്ടായിരുന്നത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13,000കോടിയിലേറെ രൂപ വായ്പയെടുത്ത് മുങ്ങുകയായിരുന്നു നീരവ് മോദി.




Next Story

RELATED STORIES

Share it