India

കണ്ണടയും മുമ്പ് അച്ഛനെ ഒരു നോക്കുകാണണം; മുംബൈയില്‍ നിന്ന് സൈക്കിളില്‍ യാത്ര തിരിച്ച് കശ്മീരി യുവാവ്

'ഞാന്‍ സഹായത്തിനുവേണ്ടി കുറേ അലഞ്ഞു, പക്ഷേ ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ 500 രൂപകൊടുത്ത് സഹപ്രവര്‍ത്തകനില്‍ നിന്ന് ഈ സൈക്കിള്‍ ഞാന്‍ വാങ്ങി

കണ്ണടയും മുമ്പ് അച്ഛനെ ഒരു നോക്കുകാണണം; മുംബൈയില്‍ നിന്ന് സൈക്കിളില്‍ യാത്ര തിരിച്ച് കശ്മീരി യുവാവ്
X

മുംബൈ: രോഗശയ്യയിലായ അച്ഛനെ കാണാന്‍ ലോക്ക്ഡൗണില്‍ മുംബൈയില്‍നിന്ന് കശ്മീരിലേക്ക് സൈക്കിളില്‍ യാത്ര തിരിച്ച് യുവാവ്. മുംബൈ ബാദ്ര ദക്ഷിണ മേഖലയിലെ ലിബ്ര ടവറിലെ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന മുഹമ്മദ് ആരിഫാണ് അച്ഛനെ അവസാനമായി ഒരു നോക്കുകാണാന്‍ സൈക്കിളിലില്‍ 2100 കിലമോമീറ്റര്‍ താണ്ടാനിറങ്ങിയത്.

അച്ഛന് സ്‌ട്രോക്ക് വന്നുവെന്നും ഗുരുതരാവസ്ഥയിലാണെന്നും അറിയിച്ചുകൊണ്ടുളള ഫോണ്‍ സന്ദേശം ആരിഫിനെ തേടിയെത്തിയത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ്. അച്ഛന്റെ നില മോശമാണെന്നറിഞ്ഞതോടെ എങ്ങനെയെങ്കിലും നാട്ടിലെത്തി അച്ഛനെ കാണണമെന്നായി ആരിഫിന്. നാട്ടിലേക്ക് മടങ്ങാന്‍ മാര്‍ഗങ്ങള്‍ ഒരുപാട് അന്വേഷിച്ചെങ്കിലും ലോക്ക്ഡൗണായതിനാല്‍ ഒന്നും സാധിച്ചില്ല.

'ഞാന്‍ സഹായത്തിനുവേണ്ടി കുറേ അലഞ്ഞു, പക്ഷേ ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ 500 രൂപകൊടുത്ത് സഹപ്രവര്‍ത്തകനില്‍ നിന്ന് ഈ സൈക്കിള്‍ ഞാന്‍ വാങ്ങി. എനിക്കെന്തായാലും എന്റെ അച്ഛനെ കണ്ടേ പറ്റൂ. അതിപ്പോള്‍ വീടുവരെ സൈക്കിള്‍ ചവിട്ടേണ്ടി വന്നാലും.' - ആരിഫ് പറയുന്നു. അച്ഛന്റെ കണ്ണടയുന്നതിന് മുമ്പ് ഒരു തവണ കാണണം. അപ്പോഴേക്കും വീട്ടിലെത്തണമെന്നുമാത്രമാണ് ആരിഫിന്റെ ആഗ്രഹം

വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ മുംബൈയില്‍നിന്ന് ആരിഫ് യാത്ര തിരിച്ചു. വഴിയില്‍ പലയിടത്തും പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി. അവരോടെല്ലാവരോടും ആരിഫ് തന്റെ ബുദ്ധിമുട്ട് പറഞ്ഞെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന് ആരിഫ് പറയുന്നു. എന്നാല്‍ യാത്ര തുടരുന്നതില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥരാരും ആരിഫിനെ വിലക്കിയില്ല.

'അവിടെ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ ആരുമില്ല. എനിക്ക് സഹോദരനോ സഹോദരിയോ ഇല്ല. 800 രൂപയും കുറച്ച് വെള്ളവുമായാണ് ഞാന്‍ മുംബൈയില്‍നിന്ന് യാത്ര പുറപ്പെട്ടത്. എന്റെ ഫോണിലും ചാര്‍ജില്ല. ഞാന്‍ വഴിയരികില്‍ കിടന്നുറങ്ങി രാവിലെ എഴുന്നേറ്റ് വീണ്ടും യാത്ര തുടരും. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഭക്ഷണത്തിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഏതെങ്കിലും പെട്രോള്‍ പമ്പില്‍ നിര്‍ത്തി ഫോണ്‍ ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വിളിച്ച് അച്ഛന്റെ ആരോഗ്യവിവരം തിരക്കണമെന്നും ആരിഫ് പറയുന്നു.

Next Story

RELATED STORIES

Share it