India

ജെഎൻയു: ഫീസ് ഭാഗീകമായി കുറയ്ക്കും; പ്രക്ഷോഭം തുടരുമെന്ന് വിദ്യാർഥികൾ

വർധിപ്പിച്ച ഫീസ്‌ പൂർണമായി പിൻവലിച്ച്‌ വൈസ്‌ചാൻസലർ ചർച്ചയ്‌ക്ക്‌ തയ്യാറാകും വരെ സമരം തുടരുമെന്ന്‌ വിദ്യാർഥി യൂനിയൻ അറിയിച്ചു.

ജെഎൻയു: ഫീസ് ഭാഗീകമായി കുറയ്ക്കും; പ്രക്ഷോഭം തുടരുമെന്ന് വിദ്യാർഥികൾ
X

ന്യൂഡൽഹി: ജെഎൻയുവിലെ വിദ്യാർഥി പ്രക്ഷോഭം ക്യാംപസിനുപുറത്തും ശക്തമായതോടെ ഫീസ്‌ ഭാഗികമായി കുറയ്‌ക്കാൻ അധികൃതരുടെ തീരുമാനം. വിദ്യാർഥികൾ എതിർത്ത വസ്‌ത്രധാരണ ചട്ടം, ഹോസ്‌റ്റൽ സമയക്രമം എന്നിവ പിൻവലിച്ചു. എന്നാൽ പ്രക്ഷോഭം തുടരുമെന്ന് വിദ്യാർഥി യൂനിയൻ പറഞ്ഞു.

ബുധനാഴ്ച ചേർന്ന സർവകലാശാല എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗ തീരുമാനം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സെക്രട്ടറി ആർ സുബ്രഹ്മണ്യനാണ്‌ ഇക്കാര്യം ട്വീറ്റു ചെയ്‌തത്‌. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക്‌ ധനസഹായം നൽകാനുള്ള പദ്ധതി യോഗം ശുപാർശ ചെയ്‌തു. വിദ്യാർഥികൾ ക്ലാസുകളിലേക്ക്‌ മടങ്ങണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

രണ്ടു പേർക്ക് താമസിക്കാവുന്ന മുറിയുടെ വാടക 10ൽ നിന്ന്‌ 300 ആയി ഉയർത്തിയത്‌ 100 രൂപയായും ഒരാൾക്ക് താമസിക്കാവുന്ന മുറിയുടെ വാടക 20 ൽ നിന്ന്‌ 600 ആക്കിയത്‌ 150 രൂപയായും കുറയ്‌ക്കും. മെസ് ഡെപ്പോസിറ്റ്‌ മുമ്പുണ്ടായിരുന്ന 5,500 രൂപയായി തുടരും.

പുതുതായി ഏർപ്പെടുത്തിയ സേവനഫീസ്‌ മാസം 1,700 രൂപ ഒഴിവാക്കിയില്ല. വർധിപ്പിച്ച ഫീസ്‌ പൂർണമായി പിൻവലിച്ച്‌ വൈസ്‌ചാൻസലർ ചർച്ചയ്‌ക്ക്‌ തയ്യാറാകും വരെ സമരം തുടരുമെന്ന്‌ വിദ്യാർഥി യൂനിയൻ അറിയിച്ചു. ബുധനാഴ്ച രാത്രിയും സമരം തുടർന്നു. അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്കിൽ കടന്ന വിദ്യാർഥികൾ വൈസ്‌ ചാൻസലറുടെ മുറി രാപ്പകൽ ഉപരോധിച്ചു. ഫീസ്‌ കുറച്ചെന്ന പ്രഖ്യാപനം വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന്‌ ജെഎൻയു അധ്യാപക അസോസിയേഷൻ പറഞ്ഞു.

Next Story

RELATED STORIES

Share it