India

കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് കൊല്ലപ്പെട്ടു

ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനും മറ്റൊരാളും കൊല്ലപ്പെട്ടിട്ടുണ്ട്

കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് കൊല്ലപ്പെട്ടു
X

പുല്‍വാമ: കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ മുതിര്‍ന്ന ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് കകാപോറ ബേഗംബാഗില്‍ ഹിലാല്‍ അഹ്മദ് റാവുത്തറിനെ കൊലപ്പെടുത്തിയതായി സൈന്യം അറിയിച്ചു. പാകിസ്താനിലെ സായുധസംഘത്തിന്റെ കമ്മാന്‍ഡറായ നവാദ് ജട്ടിനെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആശുപത്രിയില്‍ നിന്നു പോലിസുദ്യോഗസ്ഥനെ കൊലപ്പെടുത്തി രക്ഷപ്പെടാന്‍ സഹായിച്ചതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ് ഇദ്ദേഹമെന്ന് സൈന്യം ആരോപിച്ചു. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനും മറ്റൊരാളും കൊല്ലപ്പെട്ടിട്ടുണ്ട്. ഹരിയാന കര്‍ണാല്‍ സ്വദേശിയും 50 രാഷ്ട്രീയ റൈഫിള്‍സ് യൂനിറ്റ് അംഗവുമായ ഹവില്‍ദാര്‍ ബല്‍ജിത് സിങാണ് കൊല്ലപ്പെട്ട സൈനികനെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യവും ജമ്മു കശ്മീര്‍ പോലിസിലെ സ്‌പെഷ്യല്‍ ഓപറേഷന്‍ വിഭാഗവും പുല്‍വാമയിലെ രത്‌നിപോറ ഗ്രാമത്തിലെത്തിയത്. സൈന്യം എത്തിയതോടെ സായുധര്‍ വീട് പൂട്ടുകയും വെടിയുതിര്‍ക്കുകയും ചെയ്തു. രാത്രിയോളം നീണ്ട വെടിവയ്പിനൊടുവിലാണ് ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവിനെ അഞ്ചു കിലോമീറ്റര്‍ അകലെയായി കൊലപ്പെടുത്തിയതെന്ന് സൈന്യം അവകാശപ്പെട്ടു. ഉച്ചയോടെയാണ് ഹിലാല്‍ അഹ്മദാണെന്നു തിരിച്ചറിഞ്ഞത്. 2018ലാണ് ഇദ്ദേഹം ഹിസ്ബുല്‍ മുജാഹിദീന്റെ ഉന്നതപദവിയിലെത്തിയത്. ഹിലാല്‍ അഹ്മദ് ആശുപത്രിയില്‍ നിന്നു രക്ഷപ്പെടുത്തിയ നവാദ് ജട്ടിനെ സൈന്യം നവംബറില്‍ കൊലപ്പെടുത്തിയിരുന്നു. സൈനികര്‍ക്കു നേരെയുണ്ടായ നിരവധി കേസുകള്‍ ഹിലാല്‍ അഹ്മദ് പ്രതിയാണെന്നു പോലിസ് പറഞ്ഞു. മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി അദ്ദേഹത്തിന്റെ കുടുംബത്തിനു കൈമാറും. ഇതേത്തുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച ഹിസ്ബുല്‍ മുജാഹിദീന്‍, ലഷ്‌കറെ ത്വയ്യിബ അംഗങ്ങളായ അഞ്ചുപേരെ കുല്‍ഗാം ജില്ലയിലെ കിലാം വില്ലേജില്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ലശ്കര്‍ ജില്ലാ കമ്മാന്‍ഡറെയും സുരക്ഷാസേന കൊലപ്പെടുത്തിയിരുന്നു. ഇതോടെ ഈ വര്‍ഷം ദക്ഷിണ കശ്മീരില്‍ മാത്രം 26 സായുധരെ കൊലപ്പെടുത്തിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.




Next Story

RELATED STORIES

Share it