India

സായുധ സംഘടനയില്‍നിന്ന് സേനയിലെത്തി; മരണാനന്തരം ലാന്‍സ് നായിക് നസീര്‍ വാനിക്ക് അശോക ചക്ര

ല്‍ഗാം സ്വദേശിയായ ഇദ്ദേഹം നേരത്തേ ഇഖ്‌വാന്‍ എന്ന സായുധസംഘടനയില്‍ അംഗമായിരുന്നു

സായുധ സംഘടനയില്‍നിന്ന് സേനയിലെത്തി; മരണാനന്തരം ലാന്‍സ് നായിക് നസീര്‍ വാനിക്ക് അശോക ചക്ര
X

ന്യൂഡല്‍ഹി: സായുധസംഘടനയുമായുള്ള ബന്ധം വേര്‍പെടുത്തി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന് മരണാനന്തര ബഹുമതിയായി അശോക ചക്ര പുരസ്‌കാരം നല്‍കുന്നു. 2018 നവംബറില്‍ ജമ്മു കശ്മീരിലെ ഷോപിയാനില്‍ മരിച്ച ലാന്‍സ് നായിക് നസീര്‍ അഹ്മദ് വാനിയെയാണ് റിപ്പബ്ലിക് ദിനത്തില്‍ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര പുരസ്‌കാരം നല്‍കി രാജ്യം ആദരിക്കുക. കുല്‍ഗാം സ്വദേശിയായ ഇദ്ദേഹം നേരത്തേ ഇഖ്‌വാന്‍ എന്ന സായുധസംഘടനയില്‍ അംഗമായിരുന്നു. 2004 ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. കശ്മീര്‍ അതിര്‍ത്തി സേനാംഗമായിരുന്ന വാനി 2007ലും 2018ലും വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടിയിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 25ന് കശ്മീരിലെ ബതാഗുണ്ടിനടത്തുള്ള ഹിരാപുര്‍ ഗ്രാമത്തില്‍ സായുധസംഘാംഗങ്ങള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയപ്പോള്‍ നടന്ന ഏറ്റമുട്ടിലിലാണ് ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാനി കൊല്ലപ്പെട്ടത്. ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ആറുപേരെ നേരിടാനുള്ള ഓപറേഷന്‍ ടീമില്‍ അംഗമായിരുന്ന വാനി വീട്ടിലേക്ക് ഇരച്ചുകയറുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ലഷ്‌കറെ ത്വയ്യിബയുടെ ജില്ലാ കമാന്‍ഡറും ഒരു വിദേശിയും ഉള്‍പ്പെടെയുള്ളവരെ വെടിവച്ചുകൊന്നപ്പോള്‍ വാനിക്കു വെടിയേറ്റെന്നാണ് സൈന്യം പറയുന്നത്. ബുള്ളറ്റ് തറച്ച ശരീരവുമായി മൂന്നാമത്തെയാളെയും കൊലപ്പെടുത്തിയ ശേഷം സഹപ്രവര്‍ത്തകര്‍ വാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നിരവധി പേരാണ് വാനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നത്. ഇപ്പോള്‍ രാജ്യം റിപ്പബ്ലിക് ദിനത്തില്‍ അശോക ചക്രം പുരസ്‌കാരം നല്‍കി ആദരിക്കുന്നതിലൂടെ ലാന്‍സ് നായിക് നസീര്‍ വാനിയുടെ മാതൃക മറ്റുള്ളവര്‍ക്കും പ്രചോദനമാവുമെന്നാണു വിലയിരുത്തല്‍.




Next Story

RELATED STORIES

Share it