India

അക്രമത്തിന് പിന്നില്‍ ബിജെപി നേതാവ് കപില്‍ മിശ്രയെന്ന് ആരോപണം

ശാഹീന്‍ബാഗ് മാതൃകയില്‍ ജാഫ്രാബാദില്‍ പൗരത്വനിയമഭേദഗതിക്കെതിരേ ശനിയാഴ്ച രാത്രിയാണ് സ്ത്രീകളുടെ പ്രതിഷേധം ആരംഭിച്ചത്

അക്രമത്തിന് പിന്നില്‍ ബിജെപി നേതാവ് കപില്‍ മിശ്രയെന്ന് ആരോപണം
X

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികളുടെ അക്രമത്തിന് പിന്നില്‍ ബിജെപി നേതാവ് കപില്‍ മിശ്രയെന്ന് ആരോപണം. സമാധാനമായി തുടര്‍ന്നിരുന്ന പ്രതിഷേധം കപില്‍ മിശ്രയുടെ കലാപ ആഹ്വാനത്തോടെയാണ് പൗരത്വ നിയമ അനുകൂലികളുടെ അക്രമം ആരംഭിച്ചതെന്നാണ് ആരോപണം. ഞായറാഴ്ച ജാഫ്രാബാദിലുണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ചയായിരുന്നു വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ തിങ്കളാഴ്ചയുണ്ടായത്.

ശാഹീന്‍ബാഗ് മാതൃകയില്‍ ജാഫ്രാബാദില്‍ പൗരത്വനിയമഭേദഗതിക്കെതിരേ ശനിയാഴ്ച രാത്രിയാണ് സ്ത്രീകളുടെ പ്രതിഷേധം ആരംഭിച്ചത്. ഞായറാഴ്ച വൈകീട്ടോടെ ഭേദഗതിയെ അനുകൂലിച്ച് ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ മോജ്പുരില്‍ പ്രകടനം നടന്നു. ഇതേത്തുടര്‍ന്ന് ഭേദഗതിയെ അനുകൂലിക്കുന്നവര്‍ പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ കല്ലെറിഞ്ഞു. ഇതാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

പ്രതിഷേധം മൂന്ന് ദിവസത്തിനുള്ളില്‍ പിരിച്ച് വിടണമെന്ന് കപില്‍ മിശ്ര പോലിസിന് അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ കപില്‍ മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ജോയന്റ് പോലിസ് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.

തനിക്കെതിരെയുള്ള ആരോപണം വ്യാപകമായതോടെ സമാധാനത്തിന് ആഹ്വാനം ചെയ്ത് കപില്‍ മിശ്ര രംഗത്തെത്തുകയും ചെയ്തു. ഡല്‍ഹി തിരഞ്ഞെടുപ്പ് വേളയിലും കപില്‍ മിശ്രയുടെ പ്രസംഗങ്ങള്‍ വിവാദമായിരുന്നു. ഇന്ത്യ-പാകിസ്താന്‍ പോരാട്ടമാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് എന്നായിരുന്നു കപില്‍ മിശ്രയുടെ അന്നത്തെ പ്രസ്താവന.

Next Story

RELATED STORIES

Share it