India

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്നേറ്റം

18ഓളം സീറ്റുകളില്‍ മല്‍സരിച്ച എസ്ഡിപിഐ നിലവില്‍ ഫലം പുറത്തുവന്നതനുസരിച്ച് മൂന്നു സീറ്റുകളില്‍ വിജയിച്ചു

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്നേറ്റം
X

ബെംഗളൂരു: കര്‍ണാടകയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഫലം പുറത്തുവന്ന 1049 വാര്‍ഡുകളില്‍ 509 സീറ്റുകള്‍ കോണ്‍ഗ്രസിനും 174 സീറ്റുകള്‍ ജെഡിഎസിനും ലഭിച്ചപ്പോള്‍ ബിജെപിക്ക് 366 സീറ്റുകള്‍ മാത്രമാണു ലഭിച്ചത്. ടൗണ്‍ പ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് മുന്നിട്ടുനിന്നപ്പോള്‍ ടൗണുകളിലെ പഞ്ചായത്തുകളിലാണ് ബിജെപി ജയിച്ചുകയറിയത്. ആകെ എട്ട് കോര്‍പറേഷനുകളി(സിഎംസി)ലേക്കും 33 ടൗണ്‍ മുനിസിപ്പല്‍ കോര്‍പറേഷനു(ടിഎംസി)കളിലേക്കും 22 താലൂക്ക് പഞ്ചായത്തുകളി(ടിപി)ലേക്കും ഉള്‍പ്പെടെ 63 തദ്ദേശ സ്ഥാപനങ്ങളിലായി 1361 വാര്‍ഡുകളിലേക്കാണ് ഇക്കഴിഞ്ഞ മെയ് 29ന് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസും ജെഡിഎസും വെവ്വേറെയാണ് ജനവിധി തേടിയത്. സംസ്ഥാനത്ത് 18ഓളം സീറ്റുകളില്‍ മല്‍സരിച്ച എസ്ഡിപിഐ നിലവില്‍ ഫലം പുറത്തുവന്നതനുസരിച്ച് മൂന്നു സീറ്റുകളില്‍ വിജയിച്ചു. ഷാഹ്പൂര്‍ സിറ്റി മുനിസിപ്പാലിറ്റിയില്‍ രണ്ടു സീറ്റുകളും ഗുണ്ടല്‍പേട്ട ടൗണ്‍ മുനിസിപ്പാലിറ്റിയിലെ ഒരു സീറ്റിലുമാണ് എസ്ഡിപിഐ വിജയിച്ചത്. ഗുണ്ടല്‍പേട്ട ടിഎംസി രണ്ടാം വാര്‍ഡില്‍ നിന്നു രാജഗോപാല്‍, ഷാഹാപുര്‍ സിഎംസി വാര്‍ഡ് 14ല്‍ നിന്ന് ഫിര്‍ദൗസ് ഖാത്തൂന്‍, വാര്‍ഡ് 20ല്‍ സെയ്ദ് ചുന്നുമിയ എന്നിവരാണ് വിജയിച്ചത്.


അതേസമയം, ഒരുമാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ചുനിന്ന് മല്‍സരിച്ചപ്പോള്‍ സംസ്ഥാനത്ത് ആകെയുള്ള 28 പാര്‍ലിമെന്റ് സീറ്റുകളില്‍ 25ഉം ബിജെപിയാണ് ജയിച്ചുകയറിയത്. വോട്ടര്‍മാര്‍ക്കിടയിലെ പൊടുന്നനെയുള്ള മാറ്റം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന വാദങ്ങള്‍ക്ക് ബലമേകുന്നതാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ സംശയമുന്നയിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയും ജെഡിഎസിനൊപ്പം ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കുകയും ചെയ്ത കോണ്‍ഗ്രസ് നീക്കം ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിനുപിന്നാലെ ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ അനുവാദത്തോടെ 'ഓപറേഷന്‍ ലോട്ടസ്' എന്ന പേരില്‍ എംഎല്‍എമാരെ അടര്‍ത്തിമാറ്റി ഭരണം പിടിക്കാന്‍ പല കുതിരക്കച്ചവടങ്ങളും നടത്തുന്നതിനിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്.






Next Story

RELATED STORIES

Share it