India

സ്ഥാനാര്‍ത്ഥി നിര്‍ണയം: വിജയസാധ്യത പ്രധാന പരിഗണനയെന്ന് യെച്ചൂരി

ബംഗാളില്‍ കോണ്‍ഗ്രസുമായി കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലുണ്ടാക്കിയ നീക്കുപോക്കു മാത്രമേയുണ്ടാവൂ

സ്ഥാനാര്‍ത്ഥി നിര്‍ണയം: വിജയസാധ്യത പ്രധാന പരിഗണനയെന്ന് യെച്ചൂരി
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പ്രധാനമായും പരിഗണിക്കുകയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രണ്ടുതവണ എംപിയായവരെ മൂന്നാമത് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം രാജ്യസഭയുടെ കാര്യത്തില്‍ മാത്രമേ പരിഗണിക്കാറുള്ളൂ. ലോക്‌സഭയില്‍ കാര്യമാക്കാറില്ല. വിജയസാധ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നത് അതാത് പ്രാദേശിക കമ്മിറ്റികളാണ്. ഈ മാനദണ്ഡം നേരത്തേ തോറ്റവരെ വീണ്ടും പരിഗണിക്കുന്നതിന് തടസ്സമാവില്ലേ എന്ന ചോദ്യത്തിന് അക്കാര്യമെല്ലാം പ്രദേശിക കമ്മിറ്റികള്‍ തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനും പ്രകടനപത്രികയ്ക്ക് അന്തിമരൂപം നല്‍കാനും മാര്‍ച്ച് 3, 4 തിയ്യതികളില്‍ കേന്ദ്രകമ്മിറ്റി കൂടും. കേന്ദ്രത്തില്‍ മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തും. കേരളത്തില്‍ 55 ലക്ഷം പേര്‍ പങ്കെടുത്ത വനിതാ മതിലിനെ പോളിറ്റ്ബ്യുറോ അഭിനന്ദിച്ചതായി യെച്ചൂരി പറഞ്ഞു. ദേശീയതലത്തില്‍ വിശാലസഖ്യമുണ്ടാവില്ലെന്ന് യെച്ചൂരി പറഞ്ഞു. വിശാലസഖ്യത്തിന്റെ കാര്യം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. ബംഗാളില്‍ കോണ്‍ഗ്രസുമായി കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലുണ്ടാക്കിയ നീക്കുപോക്കു മാത്രമേയുണ്ടാവൂ എന്നും രണ്ടു ദിവസത്തെ പോളിറ്റ് ബ്യുറോ യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സീതാറാം യെച്ചൂരി പറഞ്ഞു. അവിടെ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും തോല്‍പ്പിക്കുകയാണ് ലക്ഷ്യം. സിപിഎമ്മിന് സ്ഥാനാര്‍ത്ഥിയില്ലാത്ത സ്ഥലങ്ങളില്‍ തൃണമൂല്‍, ബിജെപി ഇതരര്‍ക്ക് വോട്ടു ചെയ്യും. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രചാരണം നടത്തുമോയെന്ന ചോദ്യത്തിന് ഇതു സംബന്ധിച്ച മുന്‍തീരുമാനങ്ങളില്‍ നിന്ന് മാറ്റമുണ്ടായിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. റാഫേല്‍ കരാര്‍ സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണം. പ്രധാനമന്ത്രിയുടെ ഓഫുസിന്റെ ഇടപെടലിനെതിരേ പ്രതിരോധ മന്ത്രാലയം തന്നെ എതിര്‍ത്ത രേഖകളാണ് പുറത്തുവന്നിരിക്കുന്നതെന്നും പിബി ചൂണ്ടിക്കാട്ടി.




Next Story

RELATED STORIES

Share it