India

ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ പക്ഷപാതവും വിവേചനവും കാണിക്കുന്നു: ഷാസിയ ഇല്‍മി

രാംലീല മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സമ്മേളനത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാതിരുന്നതോടെയാണ് ഷാസിയ ഡല്‍ഹി നേതൃത്വത്തിനെതിരേ പരസ്യമായി പൊട്ടിത്തെറിച്ചത്.

ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ പക്ഷപാതവും വിവേചനവും കാണിക്കുന്നു: ഷാസിയ ഇല്‍മി
X

ന്യൂഡല്‍ഹി: ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ പക്ഷപാതവും വിവേചനവും കാണിക്കുന്നതായി ഷാസിയ ഇല്‍മി. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചാണ് ഷാസിയ ഇല്‍മി ബിജെപിയില്‍ എത്തിയത്. ഇതോടെ ബിജെപിയ്ക്കുള്ളിലെ ഭിന്നത മറനീക്കി വീണ്ടും പുറത്തുവന്നിരിക്കുകയാണ്.

പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പൊതു ജനത്തിന് മുന്നില്‍ ചര്‍ച്ചയാകുന്നത് ഇതാദ്യമായല്ല. ഡല്‍ഹി ബിജെപിയുടെ വൈസ് പ്രസിഡന്റായ ഷാസിയ ഇല്‍മി പാര്‍ട്ടി അധികൃതരുടെ നിലപാടുകളില്‍ അസംതൃപ്തയായിരുന്നു. ഞായറാഴ്ച രാംലീല മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സമ്മേളനത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാതിരുന്നതോടെയാണ് ഷാസിയ ഡല്‍ഹി നേതൃത്വത്തിനെതിരേ പരസ്യമായി പൊട്ടിത്തെറിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് തയ്യാറാക്കിയ സ്ഥലത്താണ് അന്ന് ഷാസിയ ഇരുന്നത്. അതേസമയം ഡല്‍ഹി ഘടകത്തിലെ മറ്റുനേതാക്കള്‍ക്ക് പ്രധാനവേദിയില്‍ ഇരിക്കുന്നതിനുള്ള പാസ് നല്‍കിയിരുന്നു. റാലിക്കിടയില്‍ ഇതേ കുറിച്ച് പ്രതികരിക്കാതിരുന്ന ഷാസിയ ബിജെപി ഡല്‍ഹിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് തന്റെ അതൃപ്തി അറിയിച്ചത്.

ബിജെപിയുടെ ഡല്‍ഹി ഘടകത്തിലെ നേതാക്കളോടാണ് എനിക്ക് അതൃപ്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എന്റെ പരാതി മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്. ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെടുമെന്നും ഞാന്‍ സംതൃപ്തയാണെന്നും ആരോപണത്തെ കുറിച്ചുള്ള ഒരു ദേശീയ മാധ്യമത്തിന്റെ ചോദ്യത്തോട് ഷാസിയ പ്രതികരിച്ചു. അരവിന്ദ് കേജ്‌രിവാളിന്റെ 'ജയില്‍ രാഷ്ട്രീയ'ത്തില്‍ പ്രതിഷേധിച്ചാണ് ഷാസിയ ആം ആദ്മിയില്‍ നിന്ന് രാജി വെച്ചത്. ആം ആദ്മി പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലെന്നും കേജ്‌രിവാളിന്റേത് സ്വജനപക്ഷപാതമാണെന്നും ഷാസിയ ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it