India

കൈക്കൂലി നല്‍കിയില്ല; യുപിയിലെ രണ്ട് കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്‍ നൂറു വയസിലേറെ പ്രായം

മാതാപിതാക്കള്‍ കൈക്കൂലി നല്‍കാത്തതിനാല്‍ വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസര്‍ ഇരുവര്‍ക്കും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ട ജനന സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു

കൈക്കൂലി നല്‍കിയില്ല; യുപിയിലെ രണ്ട് കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്‍ നൂറു വയസിലേറെ പ്രായം
X

ബറേലി: കൈക്കൂലി നല്‍കാത്തതിനാൽ ഉദ്യോ​ഗസ്ഥൻ രണ്ട് കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്‍ നൂറു വയസിലേറെ പ്രായം കാണിച്ചെന്ന് ആരോപണം. യുപിയിലെ ഷാജഹാന്‍പൂരിലുള്ള ശുഭ്, സാകേത് എന്നീ കുട്ടികൾക്കാണ് സർക്കാരുദ്യോ​ഗസ്ഥനിൽ നിന്ന് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ശുഭിന് നാലു വയസും സഹോദരന്‍ സാകേതിന് രണ്ടുവയസുമാണിപ്പോൾ.

എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് പ്രായം കണക്കാക്കിയാല്‍ ഇരുവര്‍ക്കും യഥാക്രമം 104 ഉം 102 ഉം വയസ് പ്രായംവരും. മാതാപിതാക്കള്‍ കൈക്കൂലി നല്‍കാത്തതിനാല്‍ വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസര്‍ ഇരുവര്‍ക്കും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ട ജനന സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വിഷയം കോടതിയില്‍ എത്തിയതോടെ വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ബറേലിയിലെ കോടതി ഉത്തരവിട്ടു.

കുട്ടികളുടെ ബന്ധു പവന്‍ കുമാറാണ് കോടതിയെ സമീപിച്ചത്. രണ്ട് കുട്ടികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസര്‍ സുശീല്‍ ചന്ദ് അഗ്നിഹോത്രിയും മറ്റൊരു ഉദ്യോഗസ്ഥനും 5000 രൂപവീതം കൈക്കൂലി ചോദിച്ചുവെന്നാണ് പവന്‍ കുമാര്‍ ആരോപിക്കുന്നത്. ഓണ്‍ലൈനിലൂടെ ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

പണം നല്‍കാന്‍ വിസമ്മതിച്ചതോടെ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ജനന തീയതി 2016 ജൂണ്‍ 13 എന്ന് രേഖപ്പെടുത്തേണ്ടതിന് പകരം 1916 ജൂണ്‍ 13 എന്ന് രേഖപ്പെടുത്തി. 2018 ജൂണ്‍ ആറെന്ന് രേഖപ്പെടുത്തേണ്ട സ്ഥലത്ത് 1918 ജൂണ്‍ ആറെന്നും. ഇക്കാര്യം വ്യക്തമായതോടെയാണ് കോടതി ഉദ്യോഗസ്ഥനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it