India

മോദിയെ പുകഴ്ത്തി അഭിനന്ദന്റെ പേരില്‍ ട്വിറ്റര്‍; വ്യാജ അക്കൗണ്ടിനു പിന്നില്‍ ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ഇന്ത്യ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരുടെ ട്വീറ്റുകളാണ് പ്രധാനമായും വ്യാജ അക്കൗണ്ട് വഴി റീ ട്വീറ്റ് ചെയ്തിട്ടുള്ളതെന്നതു തന്നെ പിന്നില്‍ ബിജെപിയാണെന്നു വ്യക്തമാക്കുന്നു

മോദിയെ പുകഴ്ത്തി അഭിനന്ദന്റെ പേരില്‍ ട്വിറ്റര്‍; വ്യാജ അക്കൗണ്ടിനു പിന്നില്‍ ബിജെപി
X
ന്യൂഡല്‍ഹി: പാക് തടവില്‍ നിന്നു മോചിക്കപ്പെട്ട് ഇന്ത്യയിലെത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ നരേന്ദ്രമോദിയെ പുകഴ്ത്തിയെന്ന വിധത്തില്‍ ട്വീറ്റ് ചെയ്‌തെന്ന വിധത്തിലുള്ള പ്രചാരണത്തിനു പിന്നില്‍ ബിജെപിയെന്ന സംശയം ബലപ്പെടുന്നു. നരേന്ദ്രമോദിയുടെ ട്വീറ്റ് പങ്കുവച്ച് 'അഭിമാനം തോന്നുന്നു' എന്നു അഭിനന്ദന്റെ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരുന്നു. ബിജെപിയും സംഘപരിവാരവും ഇത് ഏറ്റുപിടിച്ച് വന്‍തോതില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അഭിനന്ദന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുണ്ടാക്കിയാണ് പ്രചാരണമെന്നാണു കണ്ടെത്തിയിട്ടുള്ളത്. അതാവട്ടെ, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപി പ്രചാരണമാണെന്നും തെളിയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ഇന്ത്യ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരുടെ ട്വീറ്റുകളാണ് പ്രധാനമായും വ്യാജ അക്കൗണ്ട് വഴി റീ ട്വീറ്റ് ചെയ്തിട്ടുള്ളതെന്നതു തന്നെ പിന്നില്‍ ബിജെപിയാണെന്നു വ്യക്തമാക്കുന്നു. പാകിസ്താന്‍ തടവില്‍ നിന്നു അഭിനന്ദന്‍ വര്‍ധമാന്‍ മോചിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് മാര്‍ച്ച് ഒന്നിനാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്നതും ശ്രദ്ധേയമാണ്. ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്നതില്‍ സംശയമില്ല. അഭിനന്ദന്‍ പാകിസ്താന്റെ തടവില്‍ കഴിയുന്ന മാര്‍ച്ച് ഒന്നിന് രാവിലെ 9.30നാണ് അക്കൗണ്ട് ഉണ്ടാക്കിയത്. അന്ന് രാത്രിയാണ് പാകിസ്ഥാന്‍ അഭിനന്ദനെ വാഗ അതിര്‍ത്തി വഴി ഇന്ത്യയ്ക്ക് കൈമാറിയത്. അഭിനന്ദന്‍ പിടിയിലായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് യോഗങ്ങളിലോ സാമൂഹിക മാധ്യമങ്ങളിലോ അഭിനന്ദന്റെ പേര് പരാമര്‍ശിക്കാത്തത് വിവാദമായിരുന്നു. അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറിയ മാര്‍ച്ച് ഒന്നിന് ഉച്ചയോടെ തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പു റാലിയിലാണ് മോദി ആദ്യമായി അഭിനന്ദന്റെ പേര് പറഞ്ഞത്. അതും രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണെന്ന വിമര്‍ശനം ശക്തമായിരുന്നു. 'അഭിനന്ദന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളയാളായതിനാല്‍ അഭിമാനിക്കണം' എന്നായിരുന്നു മോദിയുടെ പരാമര്‍ശം. എന്നാല്‍, ഇന്ത്യന്‍ സൈനികനെ തമിഴ്‌നാട്ടുകാരനായി ചുരുക്കിയത് അവിടുത്തെ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണെന്ന വിമര്‍ശനവും ശക്തമായിരുന്നു. ഇത്തരത്തില്‍ പാകിസ്താനുമായുള്ള പ്രശ്‌നങ്ങളും പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ജീവത്യാഗവും അഭിനന്ദന്‍ വര്‍ധമാന്‍ വിഷയവും ഉള്‍പ്പെടെ ബിജെപി രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയാണെന്ന വ്യാപക വിമര്‍ശനത്തെ മറികടക്കാനാണ് മോദി സ്തുതിയുള്ള വ്യാജ അക്കൗണ്ടുമായി സംഘപരിവാരം രംഗത്തെത്തിയതെന്നാണു വിലയിരുത്തല്‍.അതേസമയം, പാക് ആര്‍മിയേയും പാകിസ്ഥാനെയും പ്രകീര്‍ത്തിച്ചും അഭിനന്ദന്റെ പേരില്‍ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ട് പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 28നാണ് ഈ അക്കൗണ്ട് ഉണ്ടാക്കിയതെന്നാണു മനസ്സിലാവുന്നത്. പാക് സൈന്യത്തിന് അനുകൂലമായ പ്രചരണങ്ങളാണ് ഇതുവഴി നടത്തുന്നത്. ഇതെല്ലാം വ്യാജന്‍മാര്‍ ഇന്ത്യയിലും പാകിസ്താനിലും വിലസുകയാണെന്ന സത്യം മനസ്സിലാക്കിത്തരുന്നതാണ്യ




Next Story

RELATED STORIES

Share it