India

ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു

2018 ജൂലൈ യ്ക്കു ശേഷം കോണ്‍ഗ്രസില്‍ നിന്നു രാജിവയ്ക്കുന്ന നാലാമത് എംഎല്‍എയാണ് ശബരിയ

ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു
X

അഹ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിലെ ശക്തമായ തിരിച്ചുവരവിനു ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാനിരിക്കെ ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. ഒരാള്‍ ബിജെപിയില്‍ ചേരുകയും മറ്റൊരാള്‍ ഉടന്‍ ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജുനാഗഢ് ജില്ലയിലെ മനാവദര്‍ നിയമസഭാ പ്രതിനിധിയായ ജവഹര്‍ ചൗധയാണ് ആദ്യം ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്ക് ഉച്ചയോടെ രാജിക്കത്ത് നല്‍കിയത്. വൈകീട്ടോടെ മോര്‍ബി ജില്ലയിലെ ധ്രങാധ്ര മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ പര്‍ശോതം ശബരിയയും രാജിക്കത്ത് നല്‍കി. രാജി സ്വീകരിച്ചതിനെ തുടര്‍ന്ന് വൈകീട്ടോടെ ബിജെപിയുടെ ഗാന്ധിനഗറിലുള്ള ഓഫിസിലെത്തി ജവഹര്‍ ചൗധ ബിജെപിയില്‍ അംഗത്വമെടുത്തു. ഉടന്‍ ഭരണകക്ഷിയില്‍ ചേരുമെന്ന് ശബരിയയും പ്രഖ്യാപിച്ചിട്ടുണ്ട്. ജലസേചന വകുപ്പില്‍ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ശബരിയയെ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരിയിലാണ് ഇദ്ദേഹത്തിന് ഗുജറാത്ത് ഹൈക്കോടതി ജാമ്യം നല്‍കിയത്. രാജിക്കത്തില്‍ പ്രത്യേക കാരണമൊന്നും പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി പറഞ്ഞു. തീരുമാനത്തിനു പിന്നില്‍ ആരുടെയും സമ്മര്‍ദ്ദമില്ലെന്നും കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ സംതൃപ്തനല്ലെന്നതിനാലാണ് രാജിയെന്നും ശബരിയ പറഞ്ഞു. ബിജെപിയില്‍ ചേരുന്നതാണ് ജനങ്ങളെ സേവിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമെന്നും ഭരണകക്ഷി മന്ത്രിസ്ഥാനം നല്‍കാമെന്ന് വാഗ്ദാനമൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നാലുതവണ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് എംഎല്‍എയായിരുന്ന 55കാരനായ ജവഹര്‍ ചൗധ പിന്നാക്ക വിഭാഗമായ ആഹിര്‍ സമുദായത്തിലെ പ്രധാനപ്പെട്ട നേതാവാണ്. 1990, 2007, 2012, 2017 തിരഞ്ഞെടുപ്പുകളിലാണ് ഇദ്ദേഹം വിജയിച്ചത്. കോണ്‍ഗ്രസിനോട് അസംതൃപ്തിയോ അഭിപ്രായ വ്യത്യാസമോ ഉള്ളതിനാലല്ല പാര്‍ട്ടി വിട്ടതെന്നും നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ചാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവച്ച അദ്ദേഹം എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് തീരുമാനം അറിയിച്ചു കത്തയക്കുകയും ചെയ്തു. ലോക്‌സഭാ സീറ്റോ മന്ത്രിപദവിയോ ബിജെപി വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ജവഹര്‍ ചൗധയും പ്രതികരിച്ചു. രാജ്യത്തിന്റെ സുരക്ഷാപ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്ന നിലപാടുകളെ പിന്തുണയ്ക്കുകയെന്നതിനാലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.

2018 ജൂലൈ യ്ക്കു ശേഷം കോണ്‍ഗ്രസില്‍ നിന്നു രാജിവയ്ക്കുന്ന നാലാമത് എംഎല്‍എയാണ് ശബരിയ. ഇതോടെ ഗുജറാത്ത് നിയമസഭയില്‍ ആകെയുള്ള 182 സീറ്റില്‍ കോണ്‍ഗ്രസ് അംഗത്വം 72 ആയി കുറഞ്ഞു. തിരഞ്ഞെടുപ്പിനു ശേഷം ഇത് 77 ആയിരുന്നു. ജൂലൈയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കുന്‍വര്‍ജി ബവാലിയ രാജിവച്ച് ബിജെപിയില്‍ ചേരുകയും മന്ത്രിയാവുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം മെഹസാനയിലെ ഉന മണ്ഡലത്തിലെ കന്നി എംഎല്‍എയുമായ ഡോ. ആഷാ പട്ടേലും കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.




Next Story

RELATED STORIES

Share it