നല്‍ഗൊണ്ടയിലേത് ദുരഭിമാനക്കൊലപാതകം, ക്വട്ടേഷന്‍ നല്‍കിയത് ഒരു കോടി രൂപയ്ക്ക്ഹൈദരാബാദ് : തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നു. മകളെ വിവാഹം കഴിച്ച ദളിത് യുവാവിനെ ഇല്ലാതാക്കാന്‍ യുവതിയുടെ പിതാവ് ആസൂത്രണം ചെയ്ത ദുരഭിമാനകൊലയാണ് സംഭവം എന്നാണ് റിപോര്‍ട്ടുകള്‍. ഒരു കോടി രൂപ വാഗ്ദാനം ചെയ്താണ് കൊല്ലപ്പെട്ട പ്രണോയ് കുമാറിന്റെ ഭാര്യാപിതാവ് മാരുതി റാവുവും പെണ്‍കുട്ടിയുടെ അമ്മാവന്‍ ശ്രാവണും ചേര്‍ന്ന് കൊലപാതകം നടപ്പിലാക്കിയതെന്നും പോലിസ് പറഞ്ഞു. ക്വ്‌ട്ടേഷന്‍ ഏറ്റെടുത്ത് നടപ്പാക്കിയ ബിഹാര്‍ സംഘത്തിന് പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നും 18 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയാണ് കൊലപാതകം നടത്തിയതെന്നും അന്വേഷണസംഘം പറയുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ അടുപ്പത്തിലായിരുന്നു കൊല്ലപ്പെട്ട പ്രണോയ് കുമാറും അമൃതവര്‍ഷിണിയും. ഈ ബന്ധത്തിന്റെ പേരില്‍ അമൃതയുടെ പിതാവ് പലതവണ യുവാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണികള്‍ വകവയ്ക്കാതെ അമൃതയെ വിവാഹം കഴിച്ചതോടെ പിതാവ് ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട കൊലപ്പെടുത്തുകയായിരുന്നു. ഗര്‍ഭിണിയായ അമൃതയെ ആശുപത്രിയില്‍ കൊണ്ടു പോയി മടങ്ങുന്നതിനിടെ ഒരാള്‍ വാക്കത്തിയുമായി പിന്നാലെ വന്ന് വെട്ടിക്കൊല്ലുകയായിരുന്നു. സിസി ക്യാമറയില്‍ പതിഞ്ഞ കൊലപാതക ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്.
തന്റെ പിതാവിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പ്രാദേശിക രാഷ്ട്രീയ നേതാക്കളെക്കുറിച്ച് പോലിസ് അന്വേഷിച്ചു വരികയാണ്.

RELATED STORIES

Share it
Top