Flash News

ജീവിതാഭിലാഷം ബാക്കിയാക്കി നജ്മല്‍ബാബു, സഹോദരന്റെ വീട്ടുവളപ്പില്‍ മൃതദേഹം ദഹിപ്പിച്ചു

ജീവിതാഭിലാഷം ബാക്കിയാക്കി നജ്മല്‍ബാബു, സഹോദരന്റെ വീട്ടുവളപ്പില്‍ മൃതദേഹം ദഹിപ്പിച്ചു
X


സ്വന്തം പ്രതിനിധി

കൊടുങ്ങല്ലൂര്‍: ജീവിതാഭിലാഷം ബാക്കിയാക്കി നജ്മല്‍ബാബു എന്ന ടി എന്‍ ജോയി യാത്രയായി. സഹോദരന്‍ ടി എന്‍ മോഹനന്റെ വസതിയില്‍ ഒരു മതത്തിന്റെയും ആചാരങ്ങളില്ലാതെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. നജ്മല്‍ബാബുവിന്റെ ആഗ്രഹപ്രകാരം ചേരമാന്‍ ജുമാ മസ്ജിദില്‍ ഖബറടക്കണമെന്ന സഹപ്രവര്‍ത്തകരുടെ ആവശ്യത്തെ അവഗണിച്ച് സഹോദരന്റെ വസതിയില്‍ ദഹിപ്പിക്കാനുള്ള നീക്കം ഏറെ നേരത്തെ തര്‍ക്കത്തിലേക്ക് നീണ്ടു. മൃതദേഹം വഹിച്ച ആംബുലന്‍സിന് മുന്‍പില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവും നടത്തി. ജോയിയുടെ മൃതദേഹം നീക്കത്തിനെതിരേയാണ് പ്രതിഷേധം ഉയര്‍ന്നത്. ഒടുവില്‍ പ്രതിഷേധക്കാരെ പോലിസ് പിടിച്ചുനീക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു.
സവര്‍ണ്ണ ഫാഷിസത്തോടുള്ള പ്രതിഷേധ സൂചകമായി ഇസ്ലാം ആശ്ലേഷിച്ച ജോയ് തന്റെ ഭൗതിക ശരീരം ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാന്‍ മസ്ജിദില്‍ അടക്കം ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പത്ര സമ്മേളനം നടത്തിയും പൊതുവേദികളിലും സൗഹൃദ സംഭാഷണങ്ങളിലും അദ്ദേഹം ഈ ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നതാണ്.
നജ്മല്‍ബാബുവിന്റെ പ്രതിഷേധങ്ങളുടെ മുനയൊടിക്കുന്ന തീരുമാനമാണ് അദ്ദേഹത്തിന്റെ മരണ ശേഷം ബന്ധുക്കളും കൊടുങ്ങല്ലൂരിലെ അധികാര കേന്ദ്രങ്ങളും കൈക്കൊണ്ടത്. നെറികേടുകളോട് സന്ധിയില്ലാ സമരം നയിച്ചിരുന്ന ധീരനായ വിപ്ലവകാരിക്ക് ഉചിതമായ അന്ത്യ വിശ്രമം ഒരുക്കുന്നതില്‍ കൊടുങ്ങല്ലൂര്‍ പരാജയപ്പെട്ടു.
തന്റെ അഭിലാഷം പോലെ നജ്മല്‍ബാബുവിന്റെ ശരീരം ചേരമാന്‍ പള്ളിയില്‍ അടക്കണമെന്ന് സഹപ്രവര്‍ത്തകരുടെയും സന്തത സഹചാരികളുടെയും ആവശ്യങ്ങള്‍ക്ക് ചെവിക്കൊടുക്കാന്‍ എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളാരും തയ്യാറായില്ല. സാമൂഹിക പ്രവര്‍ത്തകനും സിനിമതാരവുമായ ജോയ് മാത്യുവിന്റെ സാന്നിധ്യത്തില്‍ എം എല്‍ എ, നഗരസഭ ചെയര്‍മാന്‍, മുതിര്‍ന്ന കമ്മ്യുണിസ്റ്റ് അമ്പാടി വേണു തുടങ്ങിയവരും സുഹൃത്തുക്കളും നടത്തിയ ചര്‍ച്ചയില്‍ സഹോദരന്‍ ടി എന്‍ മോഹനന്റെ വസതിയില്‍ ഒരു മതത്തിന്റെയും ആചാരങ്ങളില്ലാതെ മൃതദേഹം ദഹിപ്പിക്കാന്‍ തീരുമാനമെടുത്തു.
നജ്മല്‍ബാബു ഉയര്‍ത്തിപ്പിടിച്ച പോരാട്ടങ്ങളോട് ചേര്‍ന്ന് നിന്നവരും ജോയിയുടെ നിലപാടുകളെ തള്ളിക്കളഞ്ഞവരും തമ്മില്‍ നടന്ന ചര്‍ച്ച ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരംവെച്ച് കലഹം പോലും സൃഷ്ടിച്ചു. അതിനിടെ ജോയിയുടെ താമസസ്ഥലവും അദ്ദേഹത്തിന്റെ ജീവന്‍ തുടിക്കുന്നതുമായ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ മൃതദേഹം സംസ്‌കരിക്കാം എന്ന നിലപാടും ഉയര്‍ന്നുവന്നു. എന്നാല്‍ സഹചാരികള്‍ ഈ അഭിപ്രായം തള്ളുകയായിരുന്നു.
പോരാട്ടങ്ങളുടെ തോഴനായ അദ്ദേഹത്തിന്റെ അവസാന പോരാട്ടമായിരുന്നു തന്റെ സംസ്‌കാരത്തിലും ഉയര്‍ത്തേണ്ടിയിരുന്ന പ്രതിഷേധം. പക്ഷെ ചേരമാന്‍ പള്ളി ഒരു മത സ്ഥാപനമാണെന്നും ഒരു മതത്തിന്റെയും വിശ്വാസം ഉള്‍ക്കൊള്ളാത്ത ജോയിയെ ഒരു പ്രത്യേക മതത്തിന്റെ സ്ഥാപനത്തില്‍ അടക്കം ചെയ്യുവാന്‍ പാടില്ല എന്ന നിലപാടാണ് സി പി എം നേതാക്കളടക്കമുള്ള രാഷ്ട്രീയ നേതൃത്വം കൈക്കൊണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ നടന്‍ ജോയ് മാത്യു, കെ വേണു, കെ അജിത ആദരാജ്ഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് പോലിസ് മൈതാനിയില്‍ എത്തിച്ച മൃതദേഹത്തില്‍ സി പി എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബിക്ക് വേണ്ടി അമ്പാടി വേണു റീത്ത് സമര്‍പ്പിച്ചു. മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍, പി ടി കുഞ്ഞുമുഹമ്മദ്, എന്‍ എസ് മാധവന്‍ തുടങ്ങി വിവിധ തുറകളില്‍ നിന്നുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.



Next Story

RELATED STORIES

Share it