മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ കോടതിയില്‍


കൊച്ചി: ശബരിമല സുപ്രീംകോടതി വിധിയുടെ പശ്ചാലതലത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ ഹൈക്കോടതിയില്‍. മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹിന്ദു മഹാസഭ കേരളാ ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രയ സായി സ്വരൂപാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്.
സമൂഹത്തില്‍ സ്വാധീനമുള്ള വിഭാഗമാണ് സ്ത്രീകള്‍. അമ്മ, ഭാര്യ, സഹോദരി എന്നീ പദവികളാണ് അവര്‍ക്കുള്ളത്. എന്നാല്‍, മുസ്‌ലിം പള്ളികളില്‍ അവര്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്നും ഹരജിയില്‍ പറയുന്നു. സ്ത്രീകള്‍ക്ക് അസൗകര്യമായ പര്‍ദ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണെന്നും ഇത് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളി പ്രവേശനം അനുവദിച്ചും പര്‍ദ പോലുള്ള വസ്ത്രങ്ങള്‍ വിലക്കിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജി നാളെ ഹൈകോടതി പരിഗണിച്ചേക്കും.  അതേസമയം, കേരളത്തിലെ സുന്നി വിഭാഗങ്ങളുടെ പള്ളികളിലൊഴികെ മറ്റു പള്ളികളിലെല്ലാം നിലവില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top