പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍; മുഴുവന്‍ കുറ്റവാളികളേയും പിടികൂടണമെന്ന് പോപുലര്‍ഫ്രണ്ട്മഞ്ചേരി: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ വാഴക്കാട് തിരുവാലൂര്‍ സ്വദേശി ആസിഫിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വാഴക്കാട് തിരുവായൂര്‍ ചീനക്കുഴി അബ്ദുല്‍ ഖാദറി(42) നെ മലപ്പുറത്ത് നിന്നാണ് വാഴക്കാട് എസ്‌ഐ വിജയരാഘവന്റെ നേതൃത്വത്തിലുള്ള പോലിസ് പിടികൂടിയത്. കൊലപാതകം, വധശ്രമം തുടങ്ങിയ വകുപ്പുകളില്‍ പ്രതിക്കെതിരേ കേസെടുത്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെ വാഴക്കാട് പോലിസ് സ്‌റ്റേഷന് സമീപം വച്ചാണ് ആസിഫും(23), സുഹൃത്ത് മുബഷിറും(23) സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയത്. ആസിഫ് കൊല്ലപ്പെടുകയും സഹയാത്രികനായ മുബഷിറിനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വാഴക്കാട് ഭാഗത്ത് നിന്ന് എടവണ്ണപ്പാറയിലേക്ക് വരികയായിരുന്ന ബൈക്കില്‍ അതേ ദിശയില്‍ വന്ന ഇന്നോവ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന അന്ന് തന്നെ നാട്ടുകാര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മുബഷിറും കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ ഖാദറും നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇയാള്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
അതേസമയം, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ വാഴക്കാട് തിരുവാലൂര്‍ സ്വദേശി ആസിഫിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ കുറ്റവാളികളെയും ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പോപുലര്‍ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിലെ ഗൂഢാലോചനയും അന്വേഷിക്കേണ്ടതുണ്ട്. പ്രതികളെ ആരൊക്കെയാണ് സംരക്ഷിക്കുന്നതെന്നും പുറത്തു കൊണ്ടുവരേണ്ടതുണ്ട്. നാട്ടില്‍ സമാധാനം നിലനില്‍ക്കാന്‍ പോലീസ് ജാഗ്രത പാലിക്കണമെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നാട്ടിലെ കൊടും കുറ്റവാളികളായ ക്രിമിനലുകള്‍ക്ക സംരക്ഷണം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. അത്തരം കുറ്റവാളികളെ സംരക്ഷിക്കുന്നവരെ പൊതുസമൂഹം തിരിച്ചറിയണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.പി റഫീഖ് അധ്യക്ഷത വഹിച്ചു. പി.അബ്ദുല്‍ അസീസ്, മന്‍സൂര്‍ അലി സംസാരിച്ചു.

RELATED STORIES

Share it
Top