മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ദേശീയ പുരസ്‌കാരം ഫസല്‍ ഗഫൂറിന്


തൃശൂര്‍: മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ദേശീയ പുരസ്‌കാരം എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂറിന് നല്‍കുമെന്ന് കൊടുങ്ങല്ലൂര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ഫൗണ്ടേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എംഇഎസ് പ്രസിഡന്റ് എന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്. ഡോ. എം എന്‍ കാരശ്ശേരി, കെ എല്‍ മോഹനവര്‍മ്മ, ഡോ. ഹാഫിസ് മുഹമ്മദ് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ കിടപ്പ്മുറിയില്‍ ഉപയോഗിച്ചിരുന്ന പീഠം, അതിന് മുകളില്‍ ചര്‍ക്ക, ചര്‍ക്കയുടെ ഒരു ഭാഗത്ത് ക്ലോക്ക്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ചിത്രം എന്നിവ സമന്വയിപ്പിച്ചുള്ള പുരസ്‌കാരം, കീര്‍ത്തിപത്രം, പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ രണ്ടാം വാരത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജന്മദേശമായ കൊടുങ്ങല്ലൂരില്‍ നടക്കുന്ന 12ാം ജന്മദിന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ കടപ്പൂര്‍, വൈസ് ചെയര്‍മാന്‍ പി കെ സോമന്‍, സെക്രട്ടറി പി കെ കുഞ്ഞുമുഹമ്മദ് പങ്കെടുത്തു.

RELATED STORIES

Share it
Top