വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മണിപ്പൂരില്‍ എംബിഎ വിദ്യാര്‍ഥിയെ അടിച്ചുകൊന്നുഗുവാഹത്തി: വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മണിപ്പൂരില്‍ എംബിഎ വിദ്യാര്‍ഥിയെ ആള്‍ക്കൂട്ടം തല്ലികൊന്നു. മണിപ്പൂരിലെ ഇംഫാല്‍ ജില്ലയില്‍ ഫാറൂഖ് ഖാനാ(26)ണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച സുഹൃത്തുക്കളൊടൊപ്പം കാറില്‍ വരികയായിരുന്ന ഫാറുഖിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. ബാംഗ്ലൂരുവില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ ഫാറൂഖ് ഖാന്‍ തന്റെ സുഹൃത്തിനെ കാണന്‍ പോയി മടങ്ങുന്നതിനിടേയാണ് അക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ കാറും അക്രമികള്‍ തകര്‍ത്ത് അഗ്നിക്കിരയാക്കി. ഫാറുഖിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആള്‍ക്കൂട്ടം പിന്നീട് പൊലീസ് സ്‌റ്റേറഷന്‍ ആക്രമിച്ചു. സംഭവത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. മുപ്പത് പേരടങ്ങുന്ന സംഘമാണ് ഫാറൂഖ് ഖാനെ ആക്രമിച്ചത്. ആള്‍ക്കൂട്ട കൊലയില്‍ മണിപ്പൂര്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയ കേസെടുത്തു. ഡി.ജി.പിയോട് ഇതുസംബന്ധിച്ച് സെപ്തംബര്‍ 22നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.
ബി.ജെ.പി ഭരിക്കുന്ന മണിപ്പൂരില്‍ അടുത്തിടെയായി ആള്‍ക്കൂട്ട കൊലകളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികളെ തട്ടികൊണ്ട് പോകുന്നവര്‍ എന്നാരോപിച്ച് മാസങ്ങള്‍ക്ക് മുമ്പാണ് രണ്ട് പേരെ കൊലപ്പെടുത്തിയത്. ബിജെപി അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങളും പശുവിന്റെ പേരിലുള്ള സംഘ്പരിവാര്‍ കൊലപാതകങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്. ആള്‍ക്കൂട്ട കൊലകള്‍ തടയാന്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top