'രാജ്യം വിട്ടത് ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം' -ഇന്ത്യന്‍ ജയിലുകളില്‍ സൗകര്യമില്ലെന്നും മല്യരാജ്യം വിട്ടത് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണെന്ന രാജ്യത്തെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ വ്യവസായി വിജയ് മല്യ വെളിപ്പെടുത്തി. രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തിയിരുന്നതായി മല്യ ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
''ജെനീവയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു മീറ്റിംങ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ രാജ്യംവിട്ടത്. പോകുന്നതിന് മുമ്പ് ഞാന്‍ ധനമന്ത്രിയെ കണ്ടിരുന്നു. ബാങ്കുകളുമായുള്ള ഇടപാടുകള്‍ പരിഹരിക്കുന്നതിനായി ഞാന്‍ ചില ഓഫറുകള്‍ മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു.'' മല്യ പറഞ്ഞു.
ജയ്റ്റ്‌ലിയുമായി മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള കൂടിക്കാഴ്ചയാണ് നടന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തലായിരുന്നു ലക്ഷ്യം. ഇതിന് താന്‍ ചില പരിഹാരമാര്‍ഗങ്ങളും ധനമന്ത്രിക്ക് മുന്നില്‍ വച്ചു. ഈ നിര്‍ദേശങ്ങളെല്ലാം ബാങ്കുകള്‍ തള്ളിയെന്നും മല്യ പറഞ്ഞു. അതേസമയം വിജയ് മല്യയുടെ ആരോപണം ജയ്റ്റ്‌ലി തള്ളി.
ഇന്ത്യയിലെ ജയിലുകളില്‍ മതിയായ സൗകര്യമില്ലെന്ന മല്യയുടെ പരാതിയെ തുടര്‍ന്ന് ലണ്ടന്‍ കോടതി ഇന്ന് മുംബൈ ജയിലിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

RELATED STORIES

Share it
Top