ഇടിക്കൂട്ടില്‍ വീണ്ടും സ്വര്‍ണവിസ്മയം തീര്‍ത്ത് മേരി കോം


ഗ്ലിവൈസ് (പോളണ്ട്): ഇടിക്കുട്ടില്‍ വീണ്ടും വിസ്മയം തീര്‍ത്ത് ഇന്ത്യയുടെ സൂപ്പര്‍ ബോക്‌സര്‍ എം സി മേരി കോം. സില്‍സിയന്‍ ഓപണില്‍ ബോക്‌സിങ് ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടിയാണ് വീണ്ടും അഞ്ച് തവണ ലോക ചാംപ്യനായ മേരി കോം ഇന്ത്യയുടെ വിജയമുദ്ര മുഴക്കിയത്. 48 കിലോ വിഭാഗത്തില്‍ സീസണിലെ താരത്തിന്റെ മൂന്നാം സ്വര്‍ണ മെഡലാണിത്. അതേസമയം, ഫൈനലിലെത്തി മറ്റൊരു സ്വര്‍ണം സമ്മാനിക്കുമെന്ന കരുതിയ മനിഷയ്ക്ക് 54 കിലോ വിഭാഗത്തില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നേരത്തേ മുന്‍ ലോക ചാംപ്യന്‍ എല്‍ സരിതാ ദേവിക്കും (60 കിലോ) റിതു ഗ്രവാളിനും(51 കിലോ) ലവ്‌ലിന ബോര്‍ഗോഹൈനും (69 കിലോ) പൂജാ റാണിക്കും (81 കിലോ) വെങ്കലം ലഭിച്ചിരുന്നു.
കസാക്കിസ്താന്റെ ഐഗറിം കസനയേവയെ 5-0ന് പരാജയപ്പെടുത്തിയാണ് മേരി കോം സ്വര്‍ണം കഴുത്തിലണിഞ്ഞത്. ടൂര്‍ണമെന്റില്‍ സീനിയര്‍ തലത്തിലെ ഏക സ്വര്‍ണമെഡലാണ് മേരി കോമിലൂടെ ഇന്ത്യ നേടിയത്. നേരത്തേ ഇന്ത്യ ഓപണിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മേരി കോം സ്വര്‍ണം നേടിയിരുന്നു. കൂടാതെ, ബള്‍ഗേറിയയില്‍ നടന്ന സ്ട്രാന്‍യ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ താരം വെള്ളി നേടിയിരുന്നു.
അതേസമയം, ഉക്രെയ്‌ന്റെ ഇവാന ക്രുപേനിയയോട് 3-2നാണ് മനീഷ പരാജയപ്പെട്ടത്.

RELATED STORIES

Share it
Top