പശുക്കളെ അറുത്ത് അമ്പലത്തിലിടും; ഹിന്ദു വികാരം ബിജെപിക്ക് അനുകൂലമാക്കുമെന്ന് കട്ജുജനവികാരം ബിജെപിക്കെതിരാണെന്ന വാദത്തെ പൊളിച്ചടക്കി മാര്‍ക്കണ്ഡയ കട്ജു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വര്‍ഗീയ വികാരം ഉണര്‍ത്തി ബിജെപി അധികാരം നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ അദ്ദേഹം പങ്കുവയ്ക്കുന്നത്. കൃത്യമായി സംഘടിപ്പിക്കപ്പെട്ട വര്‍ഗീയ കലാപം, ഇലക്ഷന്‍ ഫലത്തില്‍ കൃതിമം, പാക്കിസ്ഥാനെതിരെ നടത്തുന്ന ഒരു മിന്നലാക്രമണം എന്നീ മൂന്ന് ഘടകങ്ങള്‍ സൃഷ്ടിച്ചെടുത്ത് ബിജെപി അനുകൂല തരംഗമുണ്ടാക്കുമെന്ന് കട്ജു സൂചന നല്‍കുന്നു.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് പറയുന്നവരോടാണ് മൂന്ന് കാര്യങ്ങള്‍ പരിഗണിക്കൂ എന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

'അഭിപ്രായ സര്‍വ്വേകള്‍ ബിജെപിക്ക് എതിരാണെന്നും, വരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു സ്വാധീനമുണ്ടാക്കാന്‍ കഴിയില്ലെന്നും പറയുന്നവരോട് എനിക്ക് പറയാനുള്ളതിതാണ്: നിങ്ങളൊരു സ്‌കൂള്‍ കുട്ടികളെ അനുഭവപരിജ്ഞാനമില്ലാത്തയാളുകളാണ്.

ഈ മൂന്നു ഘടകങ്ങള്‍ ശ്രദ്ധിക്കുക:

1. ആസൂത്രിതമായി സംഘടിപ്പിക്കപ്പെടുന്ന വര്‍ഗീയ കലാപം നിലവിലെ സാഹചര്യങ്ങളെ അടിമുടി മാറ്റും.

അതിനുള്ള ലളിതമായ രസക്കൂട്ട് ഈ പറയുന്നവയാണ്. അര ഡസന്‍ പശുക്കളെ അറുക്കുകയും രാത്രിയില്‍ അത് നഗരത്തിലെ പ്രധാന അമ്പലങ്ങളില്‍ കൊണ്ടുപോയി എറിയുകയും ചെയ്യുക. അമ്പലത്തിന്റെ മതിലുകളില്‍ അള്ളാഹു അക്ബര്‍ എന്നെഴുതി വയ്ക്കുക. പിറ്റേ ദിവസം വിറളി പിടിച്ച ആള്‍ക്കൂട്ടങ്ങളെ കാണാം. എല്ലായിടത്തും നാശനഷ്ടങ്ങള്‍ ഉണ്ടാക്കി അവര്‍ നഗരം കത്തിക്കും. ചിലപ്പോളത് അടുത്തുള്ള ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും പടരും. പല വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും ഈ കൂട്ട് ഉപയോഗിച്ചിട്ടുണ്ട്. അതെല്ലാം ബിജെപിക്കു ഗുണം ചെയ്തിട്ടുമുണ്ട്.

2. സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇലക്ഷന്‍ ഫലത്തില്‍ കൃതിമം കാണിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് വോട്ടിങ് മെഷീന്‍. നിങ്ങള്‍ ഏതു പാര്‍ട്ടിക്കും വോട്ടുചെയ്‌തേക്കാം. പക്ഷെ, നിങ്ങള്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് മാത്രം വോട്ട് ചെയ്യുന്നതായി മെഷീന്‍ കാണിച്ചേക്കാം. ചില ആളുകള്‍ പറയുന്നു, ഇവിഎമ്മുകളില്‍ തട്ടിപ്പു നടത്താന്‍ സാധിക്കില്ലെന്ന്. എന്തുകൊണ്ട് പറ്റില്ല? കുറച്ചു വിദഗ്ദ്ധരെ സിലിക്കണ്‍ വാലിയില്‍ നിന്നും വിളിക്കൂ, എല്ലാം സാധ്യമാണ്. (അവിടെ മൊത്തം ഇന്ത്യക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതില്‍ ഭൂരിഭാഗം തീവ്ര ബിജെപി, മോദി അനുകൂലികളാണ് )

3. ഇലക്ഷന് തൊട്ടുമുന്‍പ് പാക്കിസ്ഥാനെതിരെ നടത്തുന്ന ഒരു മിന്നലാക്രമണം എല്ലാത്തിലും മാറ്റം വരുത്തും.'

RELATED STORIES

Share it
Top