തോട്ടിപ്പണിക്കിടെ ഓരോ അഞ്ച് ദിവസത്തിലും ഒരാള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്


ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തോട്ടിപ്പണിക്കിടെ അപകടത്തില്‍പ്പെട്ട് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ഔദ്യോഗിക രേഖകള്‍. 2017 ജനുവരി മുതല്‍ ഇതുവരേയായി 123 പേര്‍ മരിച്ചതായി ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി പാര്‍ലമെന്റ് നിയോഗിച്ച നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫാരി കരംചാരീസ് (എന്‍സിഎസ്‌കെ) വ്യക്തമാക്കി. ഓരോ അഞ്ച് ദിവസത്തിലും ശരാശരി ഒരാള്‍ മരിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ 2017 ജനുവരി 1 മുതലുള്ള കണക്കാണിത്. ബാക്കി 15 സംസ്ഥാനങ്ങളിലെ കണക്കുകൂടി ലഭ്യമായാല്‍ മരണ സംഖ്യ ഇരട്ടിയാകാനാണ് സാധ്യത. മാത്രമല്ല, ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങള്‍ ഏറെയുണ്ടെന്ന് എന്‍.സി.എസ്.കെ വ്യക്തമാക്കി. കൃത്യമായ കണക്ക് കിട്ടാത്തതിനാല്‍ തോട്ടിപ്പണിക്കിടെ മരിക്കുന്നവരുടെ ബന്ധുക്കളില്‍ പലര്‍ക്കും നഷ്ടപരിഹാര തുകയായ 10 ലക്ഷം ലഭിക്കുന്നില്ല. രേഖപ്പെടുത്തിയ 123 മരണങ്ങളില്‍ 70 പേരുടെ കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചത്.
മാധ്യമവാര്‍ത്തകളുടേയും ചില സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ രേഖകളുടേയും അടിസ്ഥാനത്തിലാണ് എന്‍സിഎസ്‌കെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവര ശേഖരണം ദുഷ്‌കരമായത് കൊണ്ട് റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് എന്‍സിഎസ്‌കെ തന്നെ സമ്മതിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തോട്ടിപ്പണിക്കാരുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ കൃത്യമായ കണക്കുകളും റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടില്ല. മഏറ്റവും കൂടുതല്‍ പേര്‍ തോട്ടിപ്പണി ചെയ്യുന്ന ഹാരാഷ്ട്രയില്‍ നിന്ന് രണ്ട് മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ മാത്രം 65,181 വീടുകളില്‍ കുറഞ്ഞത് ഒരാളെങ്കിലും തോട്ടിപ്പണി എടുക്കുന്നുണ്ട്. മധ്യപ്രദേശില്‍ നിന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം ഡല്‍ഹിയില്‍ മരിച്ചത് ആറ് പേരാണ്. ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

RELATED STORIES

Share it
Top