Flash News

യുനൈറ്റഡിനും ആഴ്‌സനലിനും ജയം; ടോട്ടനമിന് ഞെട്ടിക്കുന്ന തോല്‍വി

യുനൈറ്റഡിനും ആഴ്‌സനലിനും ജയം; ടോട്ടനമിന് ഞെട്ടിക്കുന്ന തോല്‍വി
X

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലും മാഞ്ചസ്റ്റര്‍ സിറ്റിയും ജയിച്ചു മുന്നേറിയപ്പോള്‍ ഹാരി കെയ്‌ന്റെ ടോട്ടനമിന് ഞെട്ടിക്കുന്ന പരാജയം. താരതമ്യേന ദുര്‍ബലരായ വാറ്റ്‌ഫോര്‍ഡാണ് ടോട്ടനത്തെ 2-1ന് പരാജയപ്പെടുത്തിയത്. ആഴ്‌സനല്‍ കാര്‍ഡിഫിനെ 3-2ന് കീഴ്‌പ്പെടുത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബേണ്‍ലിയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തറപറ്റിക്കുകയും ചെയ്തു.
വാറ്റ്‌ഫോര്‍ഡ് തിരിച്ചുവരവില്‍ ടോട്ടന്‍ഹാമിന് തോല്‍വി
ലീഗില്‍ അപരാജിതരായി മുന്നേറിയ ടോട്ടനമിനെ 0-1ന് പിറകില്‍ നിന്ന ശേഷം തിരിച്ചുവരവിലൂടെയാണ് വാറ്റ്‌ഫോര്‍ഡ് പരാജയപ്പെടുത്തിയത്. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്റെ ആദ്യ പരാജയമാണിത്. വാറ്റ്‌ഫോര്‍ഡിന്റെ സ്വന്തം മൈതാനിയിലായിരുന്നു ടോട്ടനത്തിന്റെ ഞെട്ടിക്കുന്ന പരാജയം.
53ാം മിനിറ്റില്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ അബ്ദുള്ള ഡൗകൗറിന്റെ സെല്‍ഫ് ഗോളിലൂടെ ടോട്ടനമാണ് മല്‍സരത്തില്‍ മുന്നിലെത്തിയത്.
എന്നാല്‍ ശക്തമായി തിരിച്ചുവന്ന വാറ്റ്‌ഫോര്‍ഡ് 69ാം മിനിറ്റില്‍ ഡീനിയിലൂടെ സമനില നേടി. 76ാം മിനറ്റില്‍ കാത്കാര്‍ടും കൂടി ടോട്ടനം വല ഭേദിച്ചതോടെ വന്‍ ആഘാതമാണ് ടീമിന് വന്ന് ചേര്‍ന്നത്. തുടര്‍ന്ന് ഹാരി കെയ്‌ന്റെ നേതൃത്വത്തില്‍ ടോട്ടനം ആക്രമണങ്ങള്‍ അഴിച്ചുവിട്ടങ്കിലും മികച്ച പ്രതിരോധക്കോട്ട കെട്ടിയ വാറ്റ്‌ഫോര്‍ഡിനെ മറികടക്കാന്‍ ടോട്ടനം മുന്നേറ്റത്തിനായില്ല. വാറ്റ്‌ഫോര്‍ഡ് നേടിയ രണ്ട് ഗോളുകളും ഹൊലെബാസ് ആണ് ഒരുക്കിയത്. 1987ന് ശേഷം ആദ്യമായാണ് ടോട്ടനം ഒരു ലീഗ് മല്‍സരത്തില്‍ വാറ്റ്‌ഫോര്‍ഡിനോട് പരാജയപ്പെടുന്നത്. ഇതോടെ സ്പര്‍സിന്റെ തുടര്‍ജയങ്ങള്‍ അവസാനിച്ചു. ലീഗില്‍ നാല് മല്‍സരങ്ങളില്‍ നാല് വിജയവുമായി പട്ടികയില്‍ ലിവര്‍പൂളിനും ചെല്‍സിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് വാറ്റ്‌ഫോര്‍ഡ്. അതേസമയം, ഒമ്പത് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടനം.
ലുക്കാക്കുവിലൂടെ യുനൈറ്റഡ്
ബെല്‍ജിയം സൂപ്പര്‍ സ്റ്റാര്‍ റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോളാണ് യുനൈറ്റഡിന് വിജയം ഒരുക്കിയത്. മല്‍സരത്തില്‍ വീണ രണ്ട് ഗോളും ലുക്കാക്കുവിന്റ വക. 27ാം മിനിറ്റിലായിരുന്നു യുനൈറ്റഡിന്റെ ലീഡുയര്‍ത്തിയ ആദ്യ ഗോള്‍. തുടര്‍ന്ന 36ാം മിനിറ്റില്‍ വീണ്ടും ലുക്കാക്കുവിന്റെ ഗോള്‍ ശ്രമം നടത്തിയെങ്കിലും ബേണ്‍ലിയുടെ ഗോളി ജോ ഹാര്‍ട്ട് പക്ഷേ മികച്ചൊരു സേവ് നടത്തി ശ്രമം വിഫലമാക്കി. കളിയുടെ ആദ്യ പകുതി അവസാനിക്കാനിരിക്കെ വീണ്ടും ലുക്കാക്കുവിന്റെ ശ്രമം. 44ാം മിനിറ്റില്‍ തൊടുത്ത ഷോട്ട് സേവ് ചെയ്യാന്‍ ഗോളിക്ക് സാധിക്കാതെ വന്നതോടെ ഗോള്‍ നില 2-0. കളിയുടെ രണ്ടാമത്തെ പകുതിയില്‍ 71ാം മിനിറ്റില്‍ യുനൈറ്റഡിന്റെ മാര്‍ക്കസ് റാസ്‌ഫോര്‍ഡ് ചുവപ്പുകാര്‍ഡിനെ തുടര്‍ന്ന് കളം വിട്ടെങ്കിലും അവസരം മുതലെടുക്കാന്‍ ബേണ്‍ലിക്കായില്ല. 90 മിനിറ്റിനുശേഷം ലഭിച്ച ആറുമിനിറ്റും യുനൈറ്റഡ് പ്രതിരോധത്തെ ഭേദിക്കാന്‍ കഴിയാതെ ബേണ്‍ലി രണ്ട് ഗോളുകള്‍ക്ക് യുനൈറ്റഡിനോട് അടിയറവു പറഞ്ഞു. ജയിച്ചെങ്കിലും നാല് മല്‍സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി 10ാ സ്ഥാനത്താണ് കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാര്‍.
ഒടുവില്‍ ആഴ്‌സനല്‍
കാര്‍ഡിഫ് സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് ആവേശപ്പോരിനൊടുവില്‍ ആഴ്‌സനല്‍ വിജയം പിടിച്ചെടുത്തത്. മല്‍സരത്തില്‍ രണ്ട് തവണ പിറകില്‍ നിന്ന ശേഷം കാര്‍ഡിഫ് സമനില കണ്ടെത്തിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല. 11ാം മിനിറ്റില്‍ ഗ്രാനിറ്റ് സാകയുടെ കോര്‍ണറില്‍ നിന്ന് ഡിഫന്‍ഡര്‍ മുസ്താഫിയാണ് ആഴ്‌സണലിനെ ആദ്യം മുന്നില്‍ എത്തിച്ചത്. എന്നാല്‍ 45ാം മിനിറ്റില്‍ വിക്ടര്‍ കമാരസയിലൂടെ കാര്‍ഡിഫ് സമനില കണ്ടെത്തി. വീണ്ടും ലീഡിനായി പരിശ്രമിച്ച് കളിച്ച ആഴ്‌സനലിന് രണ്ടാം പകുതിയുടെ 62ാം മിനിറ്റില്‍ ഓബമെയാങ്ങ് രക്ഷകനായതോടെ പീരങ്കിപ്പട 2-1ന് മുന്നില്‍. ആ ഗോളിലും കാര്‍ഡിഫ് തകര്‍ന്നില്ല. 8 മിനിറ്റുകള്‍ക്കകം ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഡാനി വാര്‍ഡിന്റെ ഒരു ഗംഭീര ഹെഡര്‍ ഗോളി ചെക്കിനെ കീഴടക്കി ആഴ്‌സണലിന്റെ വലയില്‍ വീണു. സ്‌കോര്‍ 2-2. വീണ്ടും വിജയഗോളിനായി പൊരുതിയ ആഴ്‌സനലിന് ലക്കസാറ്റ 3-2ന്റെ ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. 81ാം മിനിറ്റിലായിരുന്നു മല്‍സരത്തിലെ വിജയഗോള്‍ വീണത്.
Next Story

RELATED STORIES

Share it