മെഹ്‌റസ് രണ്ടടിച്ചു; അഞ്ചടിച്ച് സിറ്റി


കാര്‍ഡിഫ്: ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ഇത്തവണ വിലക്ക് വാങ്ങിയ റിയാദ് മെഹ്‌റസിന്റെ ഇരട്ട ഗോള്‍ കണ്ട പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. കാര്‍ഡിഫിന്റെ തട്ടകത്ത് മഴയില്‍ കുതിര്‍ന്ന മല്‍സരത്തില്‍ അഞ്ച് ഗോളിനാണ് സിറ്റി അവരെ നാണം കെടുത്തിയത്. മെഹ്‌റസിന്റെ ഇരട്ടഗോള്‍ കൂടാതെ സിറ്റിയില്‍ കരാര്‍ പുതുക്കിയ സെര്‍ജിയോ അഗ്യുറോയും ബെര്‍ണാഡോ സില്‍വയും ഇല്‍കേ ഗുണ്ടകനും കാര്‍ഡിഫ് വല ചലിപ്പിച്ചു. ഗോള്‍ നില സൂചിപ്പിക്കും പോലെ തികച്ചും ആധികാരികമായാണ് ശനിയാഴ്ച സിറ്റി കാര്‍ഡിഫിന്റെ മടയില്‍ പന്ത് തട്ടിയത്. 79 ശതമാനവും പന്തടക്കത്തില്‍ മുന്നിട്ടു നിന്ന സിറ്റി 21 ഷോട്ടുകളാണ് എതിര്‍പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
മല്‍സരത്തില്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യുറോയാണ് സിറ്റിക്കായി ആദ്യ വല കുലുക്കിയത്. ബെര്‍ണാഡോ സില്‍വയുടെ അസിസ്റ്റിലായിരുന്നു ഗോള്‍ നേട്ടം. എന്നാല്‍ 35ാം മിനിറ്റില്‍ ആദ്യ ഗോളിന് വഴിയൊരുക്കിയ സില്‍വ ഇക്കുറി സിറ്റിക്കായി വല തുളച്ചപ്പോള്‍ സിറ്റി 2-0ന് മുന്നില്‍. തുടര്‍ന്ന് 44ാം മിനിറ്റില്‍ ഇല്‍കേ ഗുണ്ടകനിലൂടെയും സിറ്റി ലക്ഷ്യം കണ്ടു. പിന്നീടുള്ള രണ്ടാം പകുതി റിയാദ് മെഹ്‌റസിനുള്ളതായിരുന്നു.
മല്‍സരത്തിലെ 61ാം മിനിറ്റില്‍ കോച്ച് ടീമില്‍ നിര്‍ണായക മാറ്റം വരുത്തി. ആദ്യ ഗോള്‍സ്‌കോറര്‍ അഗ്യുറോയെ പിന്‍വലിച്ച് മെഹ്‌റസിനെ കളത്തിലിറക്കി. എന്നാല്‍ കോച്ചിന്റെ തീരുമാനം ശരിയായിരുന്നു വെന്ന തെളിയിച്ച് മെഹ്‌റസ് ആരാധകപ്രീതി നേടി. 67ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ മെഹ്‌റസ് മല്‍സരത്തിന്റെ അവസാന മിനിറ്റിലും (89) ഗോള്‍ നേടി ടീമിന്റെ ഗോള്‍നേട്ടം അഞ്ചിലെത്തിച്ചു.
ജയത്തോടെ സിറ്റി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. അഞ്ച് ജയവും ഒരു സമനിലയും അക്കൗണ്ടിലുള്ള അവര്‍ക്ക് 16 പോയിന്റാണുള്ളത്.

RELATED STORIES

Share it
Top