Flash News

ചാംപ്യന്‍സ് ലീഗില്‍ രാജകീയ ജയത്തോടെ സിറ്റി

ചാംപ്യന്‍സ് ലീഗില്‍ രാജകീയ ജയത്തോടെ സിറ്റി
X

കര്‍ക്കിവ്: ഉക്രെയിന്‍ ആഭ്യന്തര ലീഗിലെ ചാംപ്യന്‍മാരായ ശക്തര്‍ ഡൊണെസ്‌കിനെ അവരുടെ മടയില്‍ ചെന്ന് രാജകീയ ജയമാണ് സിറ്റി കൈവരിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ആതിഥേയരെ നാണം കെടുത്തിയത്.
വെറ്ററന്‍ താരങ്ങളായ സെര്‍ജിയോ അഗ്യുറോ, വിന്‍സെന്റ് കംപാനി, ലിറോയ് സാനെ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി ടീമിനെയിറക്കിയത്. അതേസമയം കഴിഞ്ഞ ദിവസം ബേണ്‍ലിക്കെതിരെ പകരക്കാരനായി ഇറങ്ങിയ കെവിന്‍ ഡി ബ്രുയിന്‍ ഇത്തവണ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.
മല്‍സരത്തിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവച്ച സിറ്റി 30ാം മിനിറ്റില്‍ ഡേവിഡ് സില്‍വയിലൂടെ അക്കൗണ്ട് തുറന്നു. മെന്‍ഡിയും ജീസസും നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച പന്ത് ഗോളാക്കിയാണ് സില്‍വ സിറ്റിക്ക് ലീഡ് നേടി കൊടുത്തത്. അധികം താമസിയാതെ കോര്‍ണറില്‍ നിന്ന് രണ്ടാമത്തെ ഗോളും നേടി മാഞ്ചസ്റ്റര്‍ സിറ്റി മല്‍സരത്തില്‍ ആധിപത്യം ഉറപ്പിച്ചു. ഫ്രഞ്ച് പ്രതിരോധതാരം അയ്‌മെറിക് ലപോര്‍ട്ടെയാണ് ഇത്തവണ ഗോള്‍ നേടിയത്.
തുടര്‍ന്ന് രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ബെര്‍ണാര്‍ഡോ സില്‍വ കൂടി 71ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയതോടെ ഉക്രെയിന്‍ ചാംപ്യന്‍മാരുടെ നില ഏകദേശം തീരുമാനമായിരുന്നു. പകരക്കാരനായി ഇറങ്ങി 90 സെക്കന്റ് തികയുന്നതിനിടയിലായിരുന്നു സില്‍വയുടെ ഗോള്‍നേട്ടം. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഹോഫന്‍ഹീമും ലിയോണും സമനിലയില്‍ പിരിഞ്ഞതോടെ ആറു പോയിന്റുമായി സിറ്റി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. അഞ്ച് പോയിന്റുള്ള ലിയോണ്‍ ആണ് രണ്ടാമത്.
Next Story

RELATED STORIES

Share it