ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ വീണ്ടും പശുഭീകരത; 28കാരനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നു


ആള്‍വാര്‍: ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. ആള്‍വാറില്‍ പശുക്കടത്താരോപിച്ച് ഹിന്ദത്വര്‍ 28കാരനെ തല്ലിക്കൊന്നു. അക്ബര്‍ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. അക്ബര്‍ ഖാനും സുഹൃത്തും വനപ്രദേശത്തുകൂടെ രണ്ടു പശുക്കളുമായി നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. ആള്‍വാറിലെ രാംഗഡില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഹരിയാനയിലെ തന്റെ ഗ്രാമമായ കൊല്‍ഗാനില്‍ നിന്നാണ് അക്ബര്‍ ഖാന്‍ സുഹൃത്തിനോടൊപ്പം പശുക്കളുമായി എത്തിയത്. ഇദ്ദേഹം പശുക്കടത്തുകാരനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. രണ്ടുപേരെയും ക്രൂരമായി തല്ലിച്ചതച്ചെങ്കിലും അക്ബര്‍ ഖാന്‍ സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. എന്നാല്‍, ഇവര്‍ പശുക്കടത്തുകാരാണോ എന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് രാംഗഡ് പോലിസ് സ്‌റ്റേഷന്‍ ഓഫിസര്‍ സുഭാഷ് ശര്‍മ പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആല്‍വാര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷവും 50 വയസുള്ള പെഹ്‌ലു ഖാന്‍ എന്നയാളെ ആള്‍വാറില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്നിരുന്നു. ഇതിന്റെ വാര്‍ഷികമായിരുന്നു വെള്ളിയാഴ്ച.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ടക്കൊലയ്ക്ക്തിരേ പ്രത്യേക നിയമം കൊണ്ടു വരണമെന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.

ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് ചൂടേറിയ വാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും ബിജെപി മന്ത്രിമാര്‍ അക്രമികള്‍ക്ക് പ്രോല്‍സാഹനം നല്‍കുകയാണെന്നം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ആള്‍ക്കൂട്ട കൊലപാതകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Man Beaten To Death In Rajasthan's Alwar On Suspicion Of Cow Smuggling

RELATED STORIES

Share it
Top