Flash News

'മലയരയ സമുദായത്തിന് സംരക്ഷണം നല്‍കണം, ചരിത്രരേഖകള്‍ ഇല്ലാതാക്കാനുള്ള നീക്കം തടയണം'

മലയരയ സമുദായത്തിന് സംരക്ഷണം നല്‍കണം, ചരിത്രരേഖകള്‍ ഇല്ലാതാക്കാനുള്ള നീക്കം തടയണം
X


തൃശൂര്‍: ശബരിമലയുടെ പാരമ്പര്യാവകാശികളായ മലയരയ സമുദായാംഗങ്ങളുടെ ജീവന് ഭീഷണിയുള്ളതായി സംശയമുയരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സംസ്ഥാനസര്‍ക്കാരും പോലിസും തയ്യാറാകണമെന്ന് ബാണാസുര സാംസ്‌കാരികകേന്ദ്രം സംസ്ഥാന സെക്രട്ടറി പ്രസന്നകുമാര്‍ എല്ലോറ ആവശ്യപ്പെട്ടു. മലയരയ മഹാസഭയുടെ നേതാവ് ബ്രാഹ്മണാധിപത്യത്തിനെതിരേ ചരിത്രവസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ശബരിമലയിലെ തങ്ങളുടെ അവകാശമുന്നയിച്ചതോടെ ആദിമജനത ചിലരുടെ കണ്ണിലെ കരടായിട്ടുണ്ട്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലെത്തിയവരെ ആക്രമിക്കാന്‍ തയ്യാറായ ഭീകരവാദികള്‍ എന്തിനും മടിക്കാത്തവരാണ്. മാത്രമല്ല, വനമേഖലകളില്‍ കഴിയുന്ന അവരെ വീണ്ടും തുരത്താനുള്ള നീക്കവും ക്രിമിനലുകള്‍ നടത്തുമെന്നാണ് ആശങ്ക ഉയരുന്നത്. മാത്രമല്ല, ആദിമനിവാസികളുടെ അവകാശം തെളിയിക്കാന്‍ സഹായകമാവുന്ന രേഖകളും ശിലാഫലകങ്ങളും മറ്റും നശിപ്പിക്കാനും സാധ്യതയുണ്ട്. ആയതിനാല്‍ അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതും ചരിത്രരേഖകള്‍ സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ശബരിമലയിലെ ചരിത്രരേഖകള്‍ കണ്ടെത്തുന്നതിന് പുരാവസ്തുവകുപ്പിന്റെ ഇടപെടലും അന്വേഷണവും ഉണ്ടാകണമെന്നും പ്രസന്നകുമാര്‍ ആവശ്യപ്പെട്ടു.
1820 മുതല്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ ക്ഷേത്രസ്ഥാപകന്‍ അഥവാ ഭഗവാന്റെ പിതൃസ്ഥാനീയര്‍ എന്ന സ്ഥാനം പന്തളം കൊട്ടാരം നിലനിര്‍ത്തുന്നുവെന്നു പന്തളം പ്രതിനിധികള്‍ തന്നെ വ്യക്തമാക്കിയിരിക്കേ അതിനു മുമ്പ്, ഏകദേശം 200 വര്‍ഷം മുമ്പ് ആരായിരുന്നു ആ സ്ഥാനത്ത് എന്ന ചോദ്യം പ്രസക്തമാവുകയാണ്. ആദിമനിവാസികളായിരുന്നു അതെന്ന് കൊട്ടാരം പ്രതിനിധികള്‍ തന്നെ സമ്മതിച്ചിരിക്കുന്നതിനു തുല്യമാണിവരുടെ പ്രസ്താവന. അതിനേക്കാളുപരി ഒരു ജനാധിപത്യസമൂഹത്തില്‍ ഭരണഘടനാനുസൃതമായി രൂപവത്ക്കരിച്ച ദേവസ്വം ബോര്‍ഡിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നതും അംഗീകരിക്കാനാവില്ല. ഇക്കാര്യം മലയരയ മഹാസഭ വ്യക്തമാക്കിയിട്ടുമുണ്ട്. ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളുടെ പാരമ്പര്യാവകാശം നേടിയെടുക്കുന്നതിനുള്ള സഭയുടെ നിയമപരവും അല്ലാത്തതുമായ ജനാധിപത്യപ്രക്രിയയെ ജനാധിപത്യസമൂഹം പിന്തുണയ്ക്കണമെന്നും സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രിംകോടതി വിധിക്കെതിരേയുള്ള കലാപത്തിന് പ്രത്യക്ഷപിന്തുണ നല്‍കുകയും പന്തളം കൊട്ടാരവുമായി ഗൂഢാലോചന നടത്തുകയും പ്രക്ഷോഭപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികള്‍ ഭരണഘടനയുടെ അന്തസ്സുയര്‍ത്തിപ്പിടിക്കാതെ സത്യപ്രതിജ്ഞാലംഘനം നടത്തിയതിനാല്‍ അവര്‍ക്കെതിരേ നിയമനടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു. ഭരണഘടനയെ വെല്ലുവിളിക്കാനും കലാപമുണ്ടാക്കാനും ജനപ്രതിനിധികളുടെ നിലപാടുകളും സഹായിച്ചിട്ടുണ്ട്. ഈയാവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍, ഡിജിപി തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്നും പ്രസന്നകുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it