Flash News

മോദി ഇന്ത്യയെ ഭിന്നിപ്പിക്കുന്നു; രണ്ടാംസ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്ത് രാഹുല്‍

മോദി ഇന്ത്യയെ ഭിന്നിപ്പിക്കുന്നു; രണ്ടാംസ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്ത് രാഹുല്‍
X


രാജ്യത്തെ ഭിന്നിപ്പിക്കുന്ന മോദി സര്‍ക്കാറിനെതിരേ രണ്ടാം സ്വാതന്ത്ര്യസമരത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിജി ഇന്ത്യയെ ഒരുമിപ്പിക്കാനാണ് ശ്രമിച്ചത്, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ ഭിന്നിപ്പിക്കുകയും, എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന മോദി ഭരണത്തിന്റെ നയങ്ങളെ തിരുത്തേണ്ട സമയമായി. കര്‍ഷകരെയും യുവാക്കളെയും മോദി വഞ്ചിച്ചുവെന്നും, രാജ്യത്തിന്റെ സമ്പത്ത് അംബാനിയുള്‍പ്പെടേയുള്ള ധനികര്‍ക്ക് സൗജന്യമായി നല്‍കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
എച്ച്എ എല്ലിന് പകരം റാഫേല്‍ കരാറിന് എന്തിനാണ് അനില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തതെന്ന് നരേന്ദ്ര മോദി രാജ്യത്തോട് വിശദീകരിക്കണം. പാര്‍ലമെന്റില്‍ ഈ ചോദ്യം വന്നപ്പോള്‍ അദ്ദേഹം കണ്ണില്‍ നോക്കിയല്ല മറുപടി പറഞ്ഞത്. അതിനര്‍ത്ഥം അദ്ദേഹം കളളംപറയുന്നു എന്നാണ്.
എന്‍ഡിഎ നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ 3.20 ലക്ഷം കോടി കടമാണ് എഴുതി തളളിയത്. എന്നാല്‍ കര്‍ഷകരുടെ വായ്പ എഴുതി തളളാന്‍ അവര്‍ തയ്യാറായില്ല. ഇന്ത്യയിലെ മോഷ്ടാക്കന്‍ പിന്‍വാതിലിലൂടെ അവരുടെ കൈവശം ഉണ്ടായിരുന്ന കളളപ്പണം വെളുപ്പിച്ചു. ഈ സമയത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് മാറാന്‍ സാധാരണക്കാര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യു നില്‍ക്കുകയായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തിലാണ് ജീവിതത്തിലെ 12 വര്‍ഷത്തോളം ഗാന്ധി, ചെലവഴിക്കുകയും 1941ല്‍ ക്വിറ്റിന്ത്യ സമരത്തിന് ആഹ്വാനം നടത്തുകയും ചെയ്ത മഹാരാഷ്ട്രയിലെ വാര്‍ധയിലുള്ള സേവാഗ്രാം ആശ്രമത്തില്‍ കോണ്‍ഗ്രസ് പ്രതീകാത്മക പ്രവര്‍ത്തക സമിതി യോഗം നടത്തിയത്. സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, ഗുലാം നബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അശോക് ഗെഹ്ലോട്ട്, പി ചിദംബരം എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it