സംസ്ഥാനത്ത് എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചത് 67 പേര്‍; കടുത്ത ജാഗ്രതാ നിര്‍ദേശംതിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ലക്ഷണങ്ങളോടെ ഇതുവരെ മരിച്ചത് 67 പേരാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഇതില്‍ 12 പേരുടെ മരണ കാരണം എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ പരിശോധന പൂര്‍ത്തിയായി വരുന്നു. എലിപ്പനി രോഗലക്ഷണങ്ങളോട് ചികിത്സയിലായിരുന്നവരാണ് ബാക്കിയുള്ള 54 പേര്‍. ഓഗസ്റ്റ് 15 മുതല്‍ ഇന്ന് വരെയുള്ള കണക്കാണിത്. അടുത്ത മൂന്നാഴ്ച കാലം കടുത്ത ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ മരിച്ചത്. 7 പേര്‍. മലപ്പുറം, പത്തനംതിട്ട. പാലക്കാട്, തൃശൂര്‍, കോട്ടയം ജില്ലകളിലും എലിപ്പനി മരണം സ്ഥിരീകരിച്ചു. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പത്തനംതിട്ട അയിരൂര്‍ സ്വദേശി രഞ്ജു, കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി അനില്‍ എന്നിവരും മരിച്ചവരില്‍ പെടുന്നു. 372 പേര്‍ക്ക് എലിപ്പനി ഈകാലയളവില്‍ സ്ഥിരീകരിച്ചു. 842 പേര്‍ എലിപ്പനി ലക്ഷണങ്ങളോട് ചികിത്സയില്‍ കഴിയുന്നുണ്ട്.
എലിപ്പനി മരണങ്ങള്‍ കുടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിലെ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അടിയന്തരയോഗം ആരോഗ്യ മന്ത്രി വിളിച്ചു ചേര്‍ത്തു. അടുത്ത മൂന്നാഴ്ച കാലം സംസ്ഥാനത്ത് അതീവ ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കാര്യങ്ങള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വിശദീകരിച്ചു.
എലിപ്പനിക്കൊപ്പം ഡങ്കിപനിയും പടര്‍ന്നേക്കാമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നല്‍കി. ആഗസ്റ്റ് രണ്ടാം വാരത്തിന് ശേഷമാണ് എലിപ്പനി ഇത്രത്തോളം ഗുരുതരമായതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. മലിനജലം കെട്ടികിടക്കുന്നത് മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും ഇടയാക്കും. ഡോക്‌സി സൈക്ലിന്‍ ഗുളിക ആവശ്യത്തിന് എല്ലായിടത്തും എത്തിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്.
മരുന്നിനെതിരെ പ്രചരണം നടത്തിയ ജേക്കബ് വടക്കും ചേരിക്കെതിരെ കേസെടുക്കാന്‍ ഡിജിപി സൈബര്‍ പോലിസിന് നിര്‍ദ്ദേശം നല്‍കി. ആരോഗ്യമന്ത്രിയുടെ പരാതിയിലാണ് നടപടി. പ്രളയ ബാധിത ജില്ലകളെല്ലാം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.

RELATED STORIES

Share it
Top