Latest News

കൊറോണവൈറസ്: ലോകാരോഗ്യസംഘടന അടിയന്തിരയോഗം ചേര്‍ന്നു; ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് തീരുമാനമായില്ല

യോഗം ഇന്നും തുടരും. കൂടുതല്‍ തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

കൊറോണവൈറസ്: ലോകാരോഗ്യസംഘടന അടിയന്തിരയോഗം ചേര്‍ന്നു; ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് തീരുമാനമായില്ല
X

ജനീവ: ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് ബാധയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തിരയോഗം ചേര്‍ന്നു. പക്ഷേ, ആഗോളതലത്തില്‍ കൈകൊള്ളേണ്ട നടപടിക്രമങ്ങളെ കുറിച്ച് തീരുമാനമായില്ല. യോഗം ഇന്നും തുടരും. കൂടുതല്‍ തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

അന്തരാഷ്ട്ര തലത്തില്‍ ആരോഗ്യ അടിയന്തിരാവാസ്ഥ പ്രഖ്യാപിക്കണമോ എന്ന കാര്യം തീരുമാനിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് പറഞ്ഞു.

'' ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് വളരെ സുപ്രധാനമായ കാര്യമാണ്. എല്ലാ തെളിവുകളും പരിശോധിച്ചുമാത്രമേ അത്തരമൊരു തീരുമാനം എടുക്കാന്‍ കഴിയുകയുള്ളു''-അദ്ദേഹം യോഗത്തില്‍ പറഞ്ഞു.

ഇന്നു ചേരുന്ന യോഗത്തില്‍ ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് ഡോ. ടെഡ്രോസ് ആവശ്യപ്പെട്ടു.

രോഗം പൊട്ടിപ്പുറപ്പെട്ടുവെന്ന് കരുതപ്പെടുന്ന ചൈനീസ് നഗരമായ വുഹാന്‍ പ്രദേശത്ത് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക ഭരണകൂടം രോഗനിയന്ത്രണത്തില്‍ ശക്തമായ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഡിസംബറിലാണ് വുഹാനില്‍ വൈറസ് ബാധ കണ്ടെത്തിയത്. അതൊരു പുതിയ വൈറസാണെന്ന് ഏറെ താമസിയാതെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

വൈറസ് ബാധ നിലവില്‍ ചെറിയ തോതിലാണെങ്കിലും മറ്റു രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. തയ്‌വാന്‍, തായ്‌ലന്റ്, ജപ്പാന്‍, യുഎസ്, മക്കുവ തുടങ്ങിയവയാണ് രോഗബാധ കണ്ടെത്തിയ രാജ്യങ്ങള്‍.

കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതുവരെ ഈ രോഗം ബാധിച്ച് ചൈനയില്‍ 17 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it