Latest News

ജെഎന്‍യുവിലെ സമരത്തിനു പിന്നിലെന്ത്?

ഹോസ്റ്റല്‍ ഫീസ് വര്‍ധന ദരിദ്ര വിദ്യാര്‍ത്ഥികളെ കാമ്പസില്‍ നിന്ന് അകറ്റിനിര്‍ത്തുമെന്ന് യൂണിയന്‍ ആരോപിക്കുന്നു.

ജെഎന്‍യുവിലെ സമരത്തിനു പിന്നിലെന്ത്?
X

ന്യൂഡല്‍ഹി: ഇന്ന് രാവിലെ ജെഎന്‍യുവില്‍ വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് തുടങ്ങിയ സമരം ഇപ്പോഴും തുടരുകയാണ്. ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചതിനും പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചതിനുമെതിരേയാണ് സമരം. രാവിലത്തെ സമരം അക്രമാസ്തമായെങ്കിലും പിന്നീട് നിയന്ത്രണത്തിലായി.

ഉച്ചയ്ക്കു ശേഷവും വിദ്യാര്‍ത്ഥികള്‍ സമരം തുടരുകയും സംഘര്‍ഷം ശക്തമാവുകയും ചെയ്തതോടെ കേന്ദ്രസേന ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഹോസ്റ്റല്‍ ഫീസും മറ്റ് നിയന്ത്രണങ്ങളിലും കൊണ്ടുവന്നിട്ടുള്ള പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നും വൈസ്ചാന്‍സലര്‍ നേരിട്ട് ചര്‍ച്ചയ്ക്കു തയ്യാറാവണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊക്രിയാല്‍ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും സമരം തുടരുകയാണ്. നവംബര്‍ 15ാം തിയ്യതി ഫീസ് വര്‍ധനയെ കുറിച്ച് ചര്‍ച്ചയാവാമെന്നാണ് ഡീന്‍ അറിയിച്ചിരുന്നു. തെരുവില്‍ വച്ച് ചര്‍ച്ച നടത്താനാവില്ലെന്നാണ് സര്‍വകലാശാല അധികൃതരുടെ നിലപാട്.

ഹോസ്റ്റല്‍ ഫീസ് വര്‍ധന ദരിദ്ര വിദ്യാര്‍ത്ഥികളെ കാമ്പസില്‍ നിന്ന് അകറ്റിനിര്‍ത്തുമെന്ന് യൂണിയന്‍ ആരോപിക്കുന്നു.

എന്താണ് ജെഎന്‍യുവിലെ സമരത്തിനു കാരണം?

ജെഎന്‍യുവില്‍ 19 വര്‍ഷമായി ഫീസ് വര്‍ധനയുണ്ടായിട്ടില്ലെന്നാണ് സര്‍വകലാശാല ഡീന്‍ ഉമേഷ് കദാം പറയുന്നത്. അതുകൊണ്ടാണ് ഇപ്പോഴത്തേത് വലിയ വര്‍ധനയായി തോന്നുന്നതെന്നാണ് വിശദീകരണം.

പുതിയ നിയമമനുസരിച്ച് വിദ്യാര്‍ത്ഥികള്‍ 1700 രൂപ സര്‍വീസ് ചാര്‍ജ്ജ് ആയി മാത്രം നല്‍കേണ്ടിവരും. ഈയൊരു ചാര്‍ജ്ജ് ഇതുവരെ ഇല്ലായിരുന്നു. ഒരു ഒറ്റ മുറിയുടെ വാടക ഇതുവരെ 20 രൂപയായിരുന്നു. ഇപ്പോഴത് 600 രൂപയായി. രണ്ട് പേര്‍ താമസിക്കുന്ന റൂമിന് 10 രൂപ ഒരാള്‍ നല്‍കേണ്ടിവന്നിടത്ത് ഇനി മുതല്‍ 300 രൂപ നല്‍കണം.

ഇത്രയും വലിയ വര്‍ധന തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് വിദ്യര്‍ത്ഥി യൂണിയനുകള്‍ പറയുന്നു.

40 ശതമാനം കുട്ടികളും താഴ്ന്ന സാമ്പത്തികനിലവാരത്തിലുള്ളവരാണെന്നും അതിനാല്‍ അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ധന താങ്ങാനാവില്ലെന്ന് യൂണിയന്‍ പറയുന്നു.

ഇതിനും പുറമെ നിരവധി ഹോസ്റ്റല്‍ നിയമങ്ങളിലും മാറ്റമുണ്ടായിട്ടുണ്ട്. ഡ്രസ് കോഡ്, ഹോസ്റ്റല്‍ കര്‍ഫ്യു, കാമ്പസ് കര്‍ഫ്യു തുടങ്ങിയവയാണ് മറ്റ് പരിഷ്‌കാരങ്ങള്‍

Next Story

RELATED STORIES

Share it