Latest News

കൊവിഡ് 19കാലത്ത് ഇരട്ടദുരിതവുമായി ഡല്‍ഹി സംഘപരിവാര്‍ അക്രമത്തിലെ ഇരകള്‍

ഡല്‍ഹി കലാപത്തിന്റെ ഇരകളെ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ഗ്രൂപ്പായി പരിഗണിക്കണണെന്നണ് ഉയരുന്ന ആവശ്യം.

കൊവിഡ് 19കാലത്ത് ഇരട്ടദുരിതവുമായി ഡല്‍ഹി സംഘപരിവാര്‍ അക്രമത്തിലെ ഇരകള്‍
X

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പോലിസിന്റെ ഒത്താശയോടെ സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ട അതിക്രമങ്ങളുടെ ഇരകള്‍ ഇരട്ടദുരിതത്തിലെന്ന് സന്നദ്ധപ്രവര്‍ത്തകര്‍. ഫെബ്രുവരി അവസാനത്തോടെ കെട്ടടങ്ങിയ കലാപങ്ങളുടെ ഇരകള്‍ ഇപ്പോഴും വിവിധ പ്രദേശങ്ങളില്‍ റിലീഫ് ക്യാമ്പുകളിലും മറ്റുമായി കഴിയുന്നതും ദുരിതം ഇരട്ടിയാക്കി.

ഡല്‍ഹി മുസ്തഫബാദിലെ റിലീഫ് ക്യാമ്പില്‍ നിരവധി പേരാണ് ഒരുമിച്ച് കഴിഞ്ഞുകൂടുന്നത്. കഴിഞ്ഞ ദിവസം ഈ ക്യാമ്പിലെ രണ്ട് പേര്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഹിമ കോഹ്ലിയുടെ ബെഞ്ചില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ഈ ക്യാമ്പില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനും പൊതുശുചിത്വം ഉറപ്പുവരുത്താനും കോടതി ഉത്തരവിട്ടത്. മാത്രമല്ല, ക്യാമ്പിലേക്ക് മെഡിക്കല്‍ ടീമിനെ അയച്ച് കൊവിഡ് 19 സ്‌ക്രീനിങ്ങ് നടത്താനും നിര്‍ദേശിച്ചു. കഴിഞ്ഞ മാര്‍ച്ച് 2നാണ് 600 പേരുള്ള ഈ ക്യാമ്പ് നിലവില്‍ വന്നത്. തുടക്കത്തില്‍ 1000 പേരെ ഉള്‍പ്പെടുത്തിയായിരുന്നു ക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പലരും വിട്ടുപോയി. കൊവിഡ് 19 മാത്രമല്ല, മറ്റനേകം അണുബാധകള്‍ക്ക് ക്യാമ്പിലെ വൃത്തിഹീനമായ അന്തരീക്ഷം കാരണമാവുന്നതായി പരാതിക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

നേരത്തെ ഡല്‍ഹി അക്രമങ്ങളില്‍ വീടും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി സന്നദ്ധപ്രവര്‍ത്തകരുടെ വലിയ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിച്ചിരുന്നു. ബര്‍ക്കാ ദത്ത് തുടങ്ങിവച്ച അത്തരമൊരു ശ്രമത്തിന്റെ ഭാഗമായി നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനായി. പത്രപ്രവര്‍ത്തകരില്‍ നിന്നും അഭിഭാഷകരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ സ്ഥലത്തെത്തി സ്ഥിരീകരിച്ച് പ്രശ്‌നമനുഭവിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് അയച്ചുകൊടുക്കുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 പൊട്ടിപ്പുറപ്പെടുകയും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതായതോടെ ഈ രീതി പ്രായോഗികമല്ലാതായി.

ഇപ്പോള്‍ 600 അന്തേവാസികളുള്ള മുസ്തഫബാദിലെ ക്യാമ്പ്‌


ഡല്‍ഹിയില്‍ ദുരിതം അനുഭവിച്ചവരുടെ പ്രശ്‌നങ്ങള്‍ പഠിച്ചതിനു ശേഷം പ്രമുഖരടങ്ങിയ ഒരു കമ്മിറ്റിയുടെ പേരില്‍ സര്‍ക്കാരിലേക്ക് ആവശ്യങ്ങള്‍ അടങ്ങിയ ഒരു ലിസ്റ്റ് നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടതോടെ ഇത്തരം ആവശ്യങ്ങള്‍ പിന്നിലേക്ക് തള്ളിപ്പോവുകയും അക്ഷരാര്‍ത്ഥത്തില്‍ അവര്‍ നാഥനില്ലാത്ത അവസ്ഥയിലെത്തുകയും ചെയ്തു.

കൊവിഡ് 19ന്റെ വ്യാപനം അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനാളില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചെന്നു മാത്രമല്ല, ദുരിതം ഇരട്ടിയാക്കുകയും ചെയ്തു. ഡല്‍ഹി കലാപത്തിന്റെ ഇരകളെ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ഗ്രൂപ്പായി പരിഗണിക്കണണെന്നണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.

Next Story

RELATED STORIES

Share it