Latest News

പൗരത്വപട്ടികയില്‍ നിന്ന് പുറത്താവുന്നവര്‍ക്ക് ജയിലുണ്ടാക്കാനുള്ള മഹാരാഷ്ട്രയിലെ മുന്‍ സര്‍ക്കാരിന്റെ തീരുമാനം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ റദ്ദാക്കി

ഫഡ്‌നാവിസ് സര്‍ക്കാര്‍ ആ സമയത്തു തന്നെ താല്കാലികമായി ഒരു ജയില്‍ ഇതിനു വേണ്ടി കണ്ടെത്തിയിരുന്നു. നേരത്തെ മുംബൈ പോലിസിന്റെ വുമണ്‍ വെല്‍ഫെയര്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന നെരുലിലെ ആ കെട്ടിടം ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

പൗരത്വപട്ടികയില്‍ നിന്ന് പുറത്താവുന്നവര്‍ക്ക് ജയിലുണ്ടാക്കാനുള്ള മഹാരാഷ്ട്രയിലെ മുന്‍ സര്‍ക്കാരിന്റെ തീരുമാനം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ റദ്ദാക്കി
X

മുംബൈ: പൗരത്വപട്ടികയില്‍ നിന്ന് പുറത്താവുന്നവര്‍ക്കായി തടങ്കല്‍പാളയങ്ങള്‍ നിര്‍മ്മിക്കാനുള്ള മുന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ റദ്ദാക്കി. പൗരത്വ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ ജയില്‍ നവി മുംബൈയില്‍ പണി തീര്‍ക്കാനുള്ള മുന്‍ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ തീരുമാനമാണ് ഉദ്ദവ് താക്കറെ റദ്ദാക്കിയത്.

സുപ്രിം കോടതിയുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ പൗരത്വപട്ടികയുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളുവെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. വരുന്ന ജനുവരി 22 നാണ് പൗരത്വപട്ടികയുമായി ബന്ധപ്പെട്ട് കേസ് സുപ്രിം കോടതി പരിഗണിക്കുന്നത്.

രാജ്യത്താകമാനം പൗരത്വപ്രക്ഷോഭം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്താണ് ഉദ്ദവ് തന്റെ നിലപാട് തുറന്നുപ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇത്തരം ജയിലുകളുണ്ടാക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് താക്കറെ പാര്‍ട്ടി നേതാക്കന്മാരുടെ യോഗത്തെ അറിയിച്ചു.

ഇതുവരെയും കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഒഡിഷ, രാജസ്ഥാന്‍, ആന്ധ്ര സംസ്ഥാനങ്ങളാണ് എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

ഫഡ്‌നാവിസ് സര്‍ക്കാര്‍ ആ സമയത്തു തന്നെ താല്കാലികമായി ഒരു ജയില്‍ ഇതിനു വേണ്ടി കണ്ടെത്തിയിരുന്നു. നേരത്തെ മുംബൈ പോലിസിന്റെ വുമണ്‍ വെല്‍ഫെയര്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന നെരുലിലെ ആ കെട്ടിടം ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മൂന്ന് ഏക്കറോളം സ്ഥലത്ത് ഒരു ജയില്‍ പണിയണമെന്ന ആവശ്യം സിഡ്‌കോയെ ഏല്‍പ്പിച്ച ശേഷമാണ് ഫഡ്‌നാവിസ് സര്‍ക്കാര്‍ ഈ താല്കാലിക ജയില്‍ കണ്ടെത്തിയത്.

അതേസമയം, 2019 ലെ മോഡല്‍ ഡിറ്റെന്‍ഷന്‍ മാന്വല്‍ അനുസരിച്ച് പണിയുന്ന തടവറകള്‍ സാധാരണ ജയിലുകള്‍ പോലുള്ളവയല്ലെന്ന് മുന്‍സര്‍ക്കാരില്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. മാന്വല്‍ അനുസരിച്ച് കൂടുതല്‍ കുടിയേറ്റക്കാരുള്ള ഒരോ നഗരത്തോട് ചേര്‍ന്നും ഓരോ തടവറകളുണ്ടാക്കണം.




Next Story

RELATED STORIES

Share it