Latest News

പൗരത്വ പട്ടിക: പൗരത്വം 'നഷ്ടപ്പെട്ട' കുട്ടികളെ തടവറയിലേക്കയക്കരുതെന്ന് സുപ്രിം കോടതി

അസം സര്‍ക്കാര്‍ തയ്യാറാക്കിയ പൗരത്വ പട്ടികയില്‍ മാതാപിതാക്കള്‍ ഉള്‍പ്പെട്ടതും മക്കള്‍ പുറത്തായതുമാണ് കേസിനാസ്പദമായ സംഭവം. ഇതിനെതിരേയാണ് സിറ്റിസന്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് സുപ്രിം കോടതിയെ സമീപിച്ചത്.

പൗരത്വ പട്ടിക: പൗരത്വം നഷ്ടപ്പെട്ട കുട്ടികളെ തടവറയിലേക്കയക്കരുതെന്ന് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് ഒറ്റപ്പെടുത്തി തടവറയിലേക്കയക്കരുതെന്ന് സുപ്രിം കോടതി അസം സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറ്റിസന്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സുപിം കോടതി ഉത്തരവ്. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ തുടര്‍നടപടികള്‍ റദ്ദാക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അസം സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

അസം സര്‍ക്കാര്‍ തയ്യാറാക്കിയ പൗരത്വ പട്ടികയില്‍ മാതാപിതാക്കള്‍ ഉള്‍പ്പെട്ടതും മക്കള്‍ പുറത്തായതുമാണ് കേസിനാസ്പദമായ സംഭവം. ഇതിനെതിരേയാണ് സംഘടന സുപ്രിം കോടതിയെ സമീപിച്ചത്. 2019 നവംബറിലാണ് സംഘടന കോടതിയെ സമീപിച്ചത്. ആഗസ്റ്റ് 31 ലെ പൗരത്വ പട്ടിക തയ്യാറാക്കിയപ്പോള്‍ 61 കുട്ടികള്‍ക്ക് പൗരത്വം ലഭിച്ചില്ല. എന്നാല്‍ അവരുടെ മാതാപിതാക്കള്‍ക്ക് പൗരത്വം ലഭിക്കുകയും ചെയ്തു. പൗരത്വ പട്ടിക കോര്‍ഡിനേറ്ററെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട കേസാണ് ഇന്ന് പരിഗണിച്ചത്. അതിന്റെ ഭാഗമായാണ് 61 കുട്ടികളെ തടവറയിലേക്കയച്ച സിജെപിയുടെ കേസും പരിഗണിച്ചത്. ഏകദേശം നൂറോളം പേര്‍ക്ക് പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടെന്നും അസമിലെ തടവറയില്‍ 27 പേര്‍ കൊല്ലപ്പെട്ടെന്നും അതേ ഹരജിയില്‍ പറയുന്നു.

താഴെ തട്ടിലെ വിവരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി മൂന്നു പേരുടെ കേസും സിജെപി ഹരജിയില്‍ ചൂണ്ടിക്കാട്ടി. അതിലൊന്നാണ് ഹസ്മത്ത് അലിയുടെ കേസ്. ഹസ്മത് അലിയുടെയും ഭാര്യയുടെയും പേര് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. പക്ഷേ, 3 മക്കള്‍ പുറത്തായി. അതിനാവശ്യമായ രേഖകള്‍ കണ്ടെത്തി മക്കളുടെ പൗരത്വം രക്ഷിച്ചെടുക്കാന്‍ ഹസ്മത് അലിക്ക് ധാരാളം പണം ചെലവഴിക്കേണ്ടിവന്നു. അവര്‍ക്ക് ബാങ്ക് ലോണും എടുക്കേണ്ടിവന്നു.

കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റി തടവില്‍ പാര്‍പ്പിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 15(എ), 39(ഇ&എഫ്), അനുച്ഛേദം 45, അനുച്ഛേദം 47 അനുസരിച്ച് നിയമവിരുദ്ധമാണെന്ന് സിജെപി വാദിച്ചു. ജുവനൈല്‍ നിയമം, 2015 അനുസരിച്ചും അത് അനുവദനീയമല്ല. എന്നാല്‍ കേസ് കോടതിയില്‍ വന്നപ്പോള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ കെ കെ വേണുഗോപാല്‍ അടക്കമുള്ളവര്‍ ഒഴുക്കന്‍ വിശദീകരണങ്ങളാണ് നല്‍കിയത്.

സിജെപിയുടെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രിം കോടതി ഇടക്കാല ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it