Top

പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; ഇരട്ടിപ്പ് സമയത്തിലും മാറ്റം

പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; ഇരട്ടിപ്പ് സമയത്തിലും മാറ്റം
X

ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് ബാധ വീണ്ടും കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,211 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 74,32,680 ആയി.

വെളളിയാഴ്ചയിലെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തേക്കാള്‍ കുറവാണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച 63,371 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 895 പേര്‍ മരിക്കുകയും ചെയ്തു.

ഇരട്ടിപ്പ് സമയത്തിലും ഗുണകരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. നിലവിലെ ഇരട്ടിപ്പ് സമയം 70.4 ദിവസമാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതിന്റെ ഭാഗമാണ് ഇരട്ടിപ്പ് സമയം വര്‍ധിക്കുന്നത്. കൂടുതല്‍ ഇരട്ടിപ്പ് സമയം എന്നാല്‍ രോഗവ്യാപനം കുറയുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്.

ശനിയാഴ്ച ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 65,24,595 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. 7,95,087 പേര്‍ ചികില്‍സയില്‍ തുടരുന്നു. 1,12,998 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

നിലവില്‍ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 87.78 ശതമാനവും മരണനിരക്ക് 1.52 ശതമാനവുമാണ്.

അതേസമയം അഖിലേന്ത്യാ തലത്തില്‍ രോഗബാധ കുറയുകയാണെങ്കിലും നാല് സംസ്ഥാനങ്ങളാണ് ഇപ്പോഴും രാജ്യത്തെ കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കുന്നത്. കേരളം, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. ഈ നാലു സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളും പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുകയാണ്.

സപ്തംബര്‍ 1നും ഒക്ടോബര്‍ 15നും ഇടയിലെ ഇരട്ടിപ്പ് സമയം കണക്കിലെടുത്താല്‍ കേരളത്തിനു പുറമെ ആറ് സംസ്ഥാനങ്ങളാണ് ദേശീയ ശരാശരിയേക്കാള്‍ മോശപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ചത്തിസ്ഗഢ്, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍, കര്‍ണാടക പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.

Next Story

RELATED STORIES

Share it