Latest News

മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് ആരംഭിക്കാന്‍ നടപടിയാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് ആരംഭിക്കാന്‍ നടപടിയാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
X

കട്ടപ്പന: ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാത്ത്‌ലാബ് നിര്‍മിക്കുന്നതിന് നടപടിയാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാത്ത് ലാബിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്നും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ജനപ്രതിനിധികളുടെ സമയോചിത ഇടപെടലും ആശുപത്രി വികസന സമിതിയുള്‍പ്പെടെ ഉള്ളവരുടെ മികച്ച ടീം വര്‍ക്കുമാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ നൂതന സൗകര്യങ്ങളോടെയുള്ള പദ്ധതികള്‍ വേഗത്തില്‍ സജ്ജീകരിക്കാന്‍ സാധിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ വലിയ മാറ്റമാണ് ആരോഗ്യമേഖലയില്‍ ഉണ്ടായിരിക്കുന്നത്. കൊവിഡ് രോഗികള്‍ക്ക് മികച്ച ചികില്‍സയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നത്. കൊവിഡ് പരിശോധനയ്ക്കായി ആര്‍ ടി പി സി ആര്‍, ട്രൂനാറ്റ് ലാബുകള്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയിട്ടുള്ളത് ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രിയ്‌ക്കൊപ്പം വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനത്തിന് അധ്യക്ഷത വഹിച്ചു. ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കെ എസ് ഇ ബിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുള്ള 10 കോടി രൂപയില്‍ നിന്നും ഒന്നര കോടി രൂപ കാത്ത് ലാബിന് അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അറിയിച്ചു.

ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് സെന്റര്‍, കൊവിഡ് 19 ഐ സി യു, കൊവിഡ് പരിശോധനാ ലാബ്, പുതിയ ആശുപത്രി സമുച്ചയത്തിലേയ്ക്കുള്ള റോഡ്, കാത്തിരിപ്പു കേന്ദ്രം, മോര്‍ച്ചറി നവീകരണം തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ഡീന്‍ കുര്യാക്കോസ് എം.പി, കൊവിഡ് പരിശോധനാ ലാബും റോഷി അഗസ്റ്റിന്‍ എം എല്‍ എ, ഡയാലിസിസ് യൂണിറ്റും ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, ബ്ലഡ് സെന്ററും നാടമുറിച്ച് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.

ഉദ്ഘാടനത്തില്‍ പങ്കെടുത്തു കൊണ്ട് മെഡിക്കല്‍ കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ സ്വാഗതമാശംസിച്ചു. ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ റിപോര്‍ട്ടവതരിപ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യ പ്രഭാഷണം നടത്തി. ഇ. എസ്. ബിജിമോള്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ വി.എം, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജോര്‍ജ് വട്ടപ്പാറ, കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി.വര്‍ഗീസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ആശുപത്രി വികസന സമിതി അംഗങ്ങളായ ജോയി വര്‍ഗീസ്, സണ്ണി ഇല്ലിക്കല്‍, പി.എം. അസീസ്, അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, എ ഡി എം ആന്റണി സ്‌കറിയ, ഡി എം ഒ ഡോ.എന്‍.പ്രിയ, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. രവികുമാര്‍ എസ്.എന്‍, ഡി.പി.എം.ഡോ.സുജിത്ത് സുകുമാരന്‍, ആര്‍ എം ഒ ഡോ.അരുണ്‍.എസ്, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ കെ.കെ.ജയചന്ദ്രന്‍ , അനില്‍ കൂവപ്ലാക്കല്‍, പി.കെ.ജയന്‍, സാജന്‍ കുന്നേല്‍, ജോസ് കുഴികണ്ടം തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it