Latest News

കീഴ്‌വഴക്കങ്ങള്‍ മറികടന്ന സ്വതന്ത്ര കുവൈത്തിന്റെ അഞ്ചാമത്തെ അമീര്‍

കീഴ്‌വഴക്കങ്ങള്‍ മറികടന്ന സ്വതന്ത്ര കുവൈത്തിന്റെ അഞ്ചാമത്തെ അമീര്‍
X

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ്(91) അന്തരിച്ചു. അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കില്‍ വെച്ചായിരുന്നു അന്ത്യം. കുവൈത്ത് ടെലിവിഷനാണ് മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ജൂലായ് 17ന് കുവൈത്തില്‍ വച്ച് അമീര്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിനുശേഷം തുടര്‍ ചികില്‍സക്കായി ജൂലായ് 19 നാണ് അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയത്. യുഎസ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലായിരുന്നു യാത്ര.

മൃതദേഹം ഉടന്‍ തന്നെ കുവൈത്തിലേക്ക് എത്തിക്കും. സഹോദരനും നാഷനല്‍ ഗാര്‍ഡ് ഉപമേധാവിയുമായ ഷൈഖ് മിഷ് അല്‍ അഹമദിന്റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹത്തെ അനുഗമിക്കും.

അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കാകരമായ സാഹചര്യം ഉടലെടുത്തതിനെ തുടര്‍ന്ന് ഭരണഘടനാ പരമായി അമീറില്‍ നിക്ഷിപ്തമായ ചില പ്രത്യേക അധികാരങ്ങള്‍ താല്‍ക്കാലിക കിരീടാവകാശിയും അര്‍ദ്ധ സഹോദരനുമായ ഷൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിനെ ചുമതലപ്പെടുത്തിയിരുന്നു.

രാജ്യത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും.

1929 ജൂണ്‍ 16 നു മുന്‍ കുവൈത്ത് അമീര്‍ ഷൈഖ് അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും മുനീറ ഉസ്മാന്‍ അല്‍ ഹമദ് അല്‍ സ ഈദിന്റെയും നാലാമത്തെ പുത്രനായി കുവൈത്ത് സിറ്റിയിലെ ഷര്‍ഖ് ജില്ലയിലാണ് ജനനം. കുവൈത്തില്‍ തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഏഷ്യന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭരണപരമായ പരിശീലനം നേടി. 1953ല്‍ തൊഴില്‍ സാമൂഹിക മന്ത്രാലയങ്ങളിലും പ്രവര്‍ത്തിച്ചു. 1963ല്‍ സ്വതന്ത്ര കുവൈത്തിലെ ആദ്യ വാര്‍ത്താ വിതരണമന്ത്രിയായാണ് അദ്ദേഹം ഭരണരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് 1963 മുതല്‍ 2003 വരെ 40 വര്‍ഷം രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ടിക്കുകയും ചെയ്തു.

1991 ല്‍ ഇറാഖ് അധിനിവേശത്തില്‍ നിന്നും രാജ്യം മോചിതമായതോടെ വിദേശകാര്യ മന്തി പദവിക്കു പുറമെ ഉപപ്രധാനമന്ത്രിയായും അദ്ദേഹം നിയമിതനായി. 2003ല്‍ അന്നത്തെ അമീറും അര്‍ദ്ധ സഹോദരനുമായ ഷൈഖ് ജാബര്‍ അഹമദ് അല്‍ സബാഹ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രി പദവി കിരീടവകാശി വഹിച്ചു വരുന്ന കീഴ്‌വഴക്കമാണ് അതുവരെ രാജ്യത്ത് നില നിന്നിരുന്നത്. ഇതോടെ ഉപപ്രധാന മന്ത്രിപദവിയില്‍ നിന്ന് നേരിട്ട് പ്രധാനമന്ത്രി പദവിയില്‍ എത്തുന്ന ആദ്യ വ്യക്തിയായി അദ്ദേഹം.

2006 ജനുവരി 9ന് അന്നത്തെ അമീര്‍ ഷൈഖ് ജാബിര്‍ അല്‍ അഹമദ് അല്‍ സബാഹിന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് കിരീടാവകാശിയായ ഷൈഖ് സ അദ് അബ്ദുല്ല സാലെം അമീറിന്റെ ചുമതല ഏറ്റെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ പാര്‍ലമെന്റില്‍ എത്തി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാതെ വന്നു. ഇതേതുടര്‍ന്ന് ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തതോടെ അടിയന്തിരമായി ചേര്‍ന്ന പാര്‍ലമന്റ് സമ്മേളനത്തിലാണ് ഷൈഖ് സബാഹ് അല്‍ അഹമ്മദിനെ അമീറായി തെരഞ്ഞെടുത്തത്. ഇതേ തുടര്‍ന്ന് 2006 ജനുവരി 29ന് സ്വതന്ത്ര കുവൈത്തിന്റെ അഞ്ചാമത്തെ അമീറായി ഷൈഖ് സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ കിരീടവകാശി പദവിയില്‍ നിന്നല്ലാതെ അമീര്‍ പദവിയില്‍ എത്തുന്ന ആദ്യ കുവൈത്ത് അമീര്‍ എന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. മാത്രവുമല്ല അര്‍ദ്ധ സഹോദരനായ ഷൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിനെ കിരീടവകാശിയായി നിയമിക്കുകയും ചെയ്തു.

ഇതോടെ സബാഹ് കുടുംബത്തിലെ ജാബിര്‍, സാലിം താവഴിയില്‍ നിന്നും അമീര്‍, കിരീടാവകാശി പദവികള്‍ വിഭജിച്ചെടുക്കുന്ന കീഴ്‌വഴക്കത്തിനാണ് അവസാനമായത്. ഇതേതുടര്‍ന്ന് സാലിം കുടുംബത്തില്‍ നിന്ന് ഉയര്‍ന്നു വന്ന അസ്വസ്ഥതകള്‍ രാജ്യസുരക്ഷയെ ബാധിക്കാത്ത തരത്തില്‍ രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞതും അമീറിന്റെ നയതന്ത്രചാരുത വ്യക്തമാക്കുന്ന സംഭവമായാണ് ചരിത്രത്തില്‍ രേഖപ്പെടുത്തുക.

ഭാര്യ പരേതയായ ഫാതുവ ബിന്ത് സല്‍മാന്‍ അല്‍ സബാഹ്. മക്കള്‍ മുന്‍ പ്രതിരോധ മന്ത്രി ഷൈഖ് നാസര്‍ അല്‍ സബാഹ് അല്‍ അഹമ്മദ്, ഷൈഖ് ഹമദ് സബാഹ് അല്‍ അഹമ്മദ്, പരേതരായ ഷൈഖ് അഹമദ് അല്‍ സബാഹ് അല്‍ അഹമദ്, ഷൈഖ സല്‍വ.

Next Story

RELATED STORIES

Share it