Latest News

അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് പേരുടെ മൃതദേഹം ലഭിച്ചു; രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് പേരുടെ മൃതദേഹം ലഭിച്ചു; രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
X

തിരുവനന്തപുരം: അടിമലത്തുറ-ആഴിമലക്കടലില്‍ കുളിക്കാനിറങ്ങി വ്യാഴാഴ്ച കാണാതായ നാലു പേരില്‍ കണ്ടെത്താനുള്ള രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. രണ്ടു പേരുടെ മൃതദേഹം ഇന്നു രാവിലെ കണ്ടെത്തിയിരുന്നു. പുല്ലുവിള ചാവടിനടയ്ക്ക് സമീപം ജോണ്‍സണ്‍ ക്ലീറ്റസ്(24), പുല്ലുവിള കൊച്ചുപള്ളി സ്വദേശി മനു നെപ്പോളിയന്‍(23) എന്നിവരുടെ മൃതദേഹമാണ് വിഴിഞ്ഞം ഭാഗത്തുനിന്ന് ഇന്നു രാവിലെ കണ്ടെത്തിയത്. പുല്ലുവിള പള്ളിപുരയിടത്ത് സാബു ജോര്‍ജ്(23), പുല്ലുവിള കൊച്ചുപള്ളിക്ക് സമീപം സന്തോഷ് വര്‍ഗീസ്(25) എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. കുളിക്കാനിറങ്ങിയ പത്തു പേരില്‍ നാല് പേരെയാണ് കാണാതായത്. അപകടത്തില്‍ പെട്ട മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സിലാണ്.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. പത്തു പേരും വൈകീട്ട് മൂന്നോടെയാണ് അടിമലത്തുറ കുരിശ്ശടിക്ക് സമീപമെത്തിയത്. അഞ്ചരയോടെ ഇവര്‍ അടിമലത്തുറ ഭാഗത്ത് നിന്ന് ആഴിമലത്തീരത്തെത്തി. കാണാതായ നാലു പേരില്‍ ഒരാളാണ് കടലില്‍ ആദ്യമിറങ്ങിയതെന്ന് സമീപത്തെ പാറപ്പുറത്ത് ചൂണ്ടയിട്ട് മീന്‍ പിടിക്കുകയായിരുന്നയാള്‍ ബന്ധുക്കളോട് പറഞ്ഞു. ശക്തമായ തിരയില്‍പ്പെട്ട് വീണ ഇയാളെ രക്ഷിക്കാനായാണ് മറ്റു മൂന്നു പേര്‍ കടലിലേക്ക് ചാടിയത്. ഇവരും തിരയില്‍പ്പെട്ടു.

കരയിലുണ്ടായിരുന്നവര്‍ വെള്ളത്തിലിറങ്ങിയെങ്കിലും തിരയില്‍പ്പെട്ടവരെ രക്ഷിക്കാനായില്ല. ഇതില്‍ ഒരാള്‍ക്ക് തിരയില്‍ മറിഞ്ഞ് മുട്ടിന് പരിക്കേറ്റു. കരയില്‍ നിന്ന കൂട്ടുകാര്‍ നിലവിളിക്കുന്നതു കണ്ട നാട്ടുകാര്‍ വിഴിഞ്ഞം പോലീസിനെ വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് എസ്.ഐ. സജി എസ്.എസിന്റെ നേതൃത്വത്തില്‍ പോലിസും വിഴിഞ്ഞം അഗ്‌നിരക്ഷാസേന, കോസ്റ്റല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എച്ച്. അനില്‍ കുമാര്‍, എസ്.ഐ. ഇ. ഷാനിബാസ് തുടങ്ങിയവരെത്തി. ഇരുട്ട് വ്യാപിച്ചതും അതിരൂക്ഷമായ കടലേറ്റമായതിനാലും തിരച്ചില്‍ അസാധ്യമായതിനാല്‍ ഇന്നു രാവിലെയാണ് തിരച്ചിലാരംഭിച്ചത്. കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ് അടക്കമുള്ള ഏജന്‍സികളുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നതെന്ന് വിഴിഞ്ഞം പോലിസ് അറിയിച്ചു. കാണാതായവരുടെ വീട്ടുകാരും മറ്റ് ബന്ധുക്കളും നാട്ടുകാരുമടക്കം വന്‍ജനം അടിമലത്തുറ തീരത്തെത്തിയിരുന്നു.

മരിച്ച ജോണ്‍സണ്‍ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ലണ്ടനിലേക്ക് യാത്ര തിരിക്കാനിരുന്നതാണെന്ന് സഹോദരന്‍ ജോയി പറഞ്ഞു.

Next Story

RELATED STORIES

Share it