Top

പോസിറ്റിവിറ്റി നിരക്ക് കൂടുമ്പോഴും പരിശോധന ഇഴയുന്നു; സോഫ്റ്റ് വെയറില്‍ പഴിചാരി സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍

പോസിറ്റിവിറ്റി നിരക്ക് കൂടുമ്പോഴും പരിശോധന ഇഴയുന്നു; സോഫ്റ്റ് വെയറില്‍ പഴിചാരി സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍
X

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും ശക്തമായ തോതില്‍ കൊവിഡ് വ്യാപനം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമായ കേരളത്തില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുമ്പോഴും പരിശോധന വേണ്ടത്രയില്ലെന്ന് റിപോര്‍ട്ട്. അതേസമയം കൊവിഡ് കോര്‍ ടീം അംഗവും സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടറുമായ ഡോ. മുഹമ്മദ് അഷീല്‍ പരിശോധന കുറവാണെന്ന ആരോപണം തള്ളിക്കളഞ്ഞു.

പരിശോധനകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും സോഫ്റ്റ് വെയര്‍ പ്രശ്‌നം കൊണ്ട് അത് ഡാഷ്‌ബോര്‍ഡില്‍ അപ് ലോഡ് ചെയ്യാനാവാത്തതാണെന്നുമാണ് ഡോ. അഷീല്‍ നല്‍കുന്ന വിശദീകരണം. പുതിയ സോഫ്റ്റ് വെയറില്‍ നിരവധി ഇന്‍പുട്ടുകള്‍ നല്‍കണമെന്നും സാംപിള്‍ ശേഖരണ കേന്ദ്രത്തില്‍ നിന്നുതന്നെയാണ് അത് ചേര്‍ക്കേണ്ടതെന്നും എന്നാല്‍ അത് സമയത്ത് കഴിയാത്തതുകൊണ്ടാണ് പരിശോധനകളുടെ എണ്ണം കണക്കാക്കാനാവാത്തതെന്നുമാണ് അദ്ദേഹം പറയുന്നത്. പോസിറ്റിവിറ്റി നിരക്ക് കുറച്ചുകാണിക്കുന്നതിനുള്ള ശ്രമമാണ് ഇതെന്ന ആരോപണം അഷീല്‍ തള്ളിക്കളഞ്ഞു. കേരളത്തിലെ മരണനിരക്കും ആശുപത്രി പ്രവേശന നിരക്കും കുറവാണെന്നും മറിച്ചായിരുന്നെങ്കില്‍ ഇത് വര്‍ധിക്കുമായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ ആഴ്ചകളോളം സോഫ്റ്റ് വെയറിനെ കുറ്റപ്പെടുത്തിയിരിക്കുന്നത് ശരിയല്ലെന്ന് ഐഐഎം കോഴിക്കോട് ഹെല്‍ത്ത് ഇക്കണോമിസ്റ്റ് റെജി എം ജോണ്‍ അഭിപ്രായപ്പെട്ടു. ഒരു മഹാമാരിയുടെ സമയത്ത് ഇതിന് ഇത്രയേറെ സമയമെടുക്കുന്നത് നീതീകരിക്കാനാവില്ല. കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കാതിരുന്നാല്‍ രോഗികളെ കണ്ടെത്താനാവാതെ വരും. ഇത് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കും-അദ്ദേഹം പറഞ്ഞു.

കൂടുതല്‍ പരിശോധന വേണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ രോഗലക്ഷണമുള്ളവരെയും പ്രയാമായവരെയും മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് ഐഎംഎ കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. പി ഗോപകുമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ 70 ശതമാനത്തോളം കൊവിഡ് ബാധിതരും ലക്ഷണങ്ങളില്ലാത്തവരാണെന്നും അതുകൊണ്ടുതന്നെ ആശുപത്രി പ്രവേശത്തിന്റെ കണക്കുവച്ച് പരിശോധനയുടെ എണ്ണം കണക്കാക്കാനാവില്ലെന്നും വിദഗ്ധര്‍ പറയുന്നു. കൂടുതല്‍ പരിശോധന മാത്രമാണ് രോഗബാധിതരെ കണ്ടെത്താനുള്ള ഏക വഴി.

രാജ്യത്തെ പോസിറ്റീവിറ്റി വര്‍ധനയുടെ നിരക്ക് നിലവില്‍ 0.9 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ ഈ നിരക്ക് 2.8 ശതമാനമാണ്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. കേരളത്തിലെ പോസിറ്റിവിറ്റി നിരക്ക് 17.32 ശതമാനമാണ്. കേരളത്തില്‍ ഇത് 5.93 ആണ്. പോസിറ്റിവിറ്റി നിരക്ക് പരിശോധിക്കുന്ന സാംപിളുകളില്‍ പോസിറ്റീവ് ആകുന്നതിന്റെ അളവാണെങ്കില്‍ പോസിറ്റിവിറ്റി വര്‍ധന നിരക്ക് വിവിധ സമയ ഇടവേളകളില്‍ പോസിറ്റിവിറ്റി നിരക്കില്‍ ഉണ്ടാകുന്ന വര്‍ധനയുടെ നിരക്കാണ്.

ഒക്ടോബര്‍ ഏഴിന് 73,816 പരിശോധനകളാണ് കേരളത്തില്‍ നടന്നത്. അതില്‍ 10,606 എണ്ണം പോസിറ്റീവായി. അതിനു ശേഷം ഇന്നുവരെ പരിശോധന 70,000 കടന്നിട്ടില്ല. ഇതിനു ശേഷം പല ദിവസങ്ങളിലും പരിശോധന 60,000ത്തില്‍ കുറവാണെന്നും ഒരു ദിവസം 38,000മായിരുന്നെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ രണ്ട് ആഴ്ചയായി രാജ്യത്തെത്തനെ ഏറ്റവും കൂടുതല്‍ രോഗവ്യാപനം നടന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. ശനിയാഴ്ചയിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ സജീവ കേസുകള്‍ 28.7 ശമതാനമാണ്. ഇതേ ദിവസത്തെ ദേശീയ ശരാശരി 10.7 ശതമാനമാണ്.

ഒക്ടോബര്‍ 7ന് 73,816 പരിശോധനകളാണ് നടന്നത്. വെള്ളിയാഴ്ച 51,836 പരിശോധനകള്‍ നടന്നു, അതില്‍ 7,238 പേരുടെ രോഗബാധ സ്ഥിരീകരിച്ചു. ശനിയാഴ്ച ഇത് 52,097 ഉം 9,016ഉമായിരുന്നു.

കേരള സര്‍ക്കാര്‍ കൊവിഡ് വ്യാപനം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനം കൊവിഡ് പ്രതിരോധത്തില്‍ വിജയിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആന്റിജന്‍ പരിശോധനകള്‍ പോലും നടത്തുന്നില്ലെന്ന രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനം കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രം ഒരു പ്രത്യേക ടീമിനെ അയച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it