Latest News

പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം; എവിടെയൊക്കെ?

ആദ്യ ഘട്ടത്തില്‍ പൗരത്വത്തിന്റെ മതവ്യാഖ്യാനമെന്നതിനേക്കാള്‍ മുഴുവന്‍ കുടിയേറ്റങ്ങള്‍ക്കുമെതിരേയായിരുന്നു പ്രക്ഷോഭം. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പൗരത്വത്തിന്റെ മതപരമായ വ്യാഖ്യാനമെന്ന പ്രശ്‌നം മുന്‍പന്തിയിലെത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം; എവിടെയൊക്കെ?
X

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം ഇന്ത്യയൊട്ടാകെ വ്യാപിക്കുന്നു. അസമില്‍ തുടങ്ങുകയും പിന്നീട് ബംഗാളിലും അരുണാചലിലും മേഘാലയയിലും പടര്‍ന്നുപിടിക്കുകയും ചെയ്ത പ്രക്ഷോഭം ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യതലസ്ഥാനത്തേക്ക് പടരുകയായിരുന്നു. അസമിലും മേഘാലയയിലും മറ്റും തദ്ദേശജനതയുടെ രാഷ്ട്രീയ ആവശ്യമെന്ന നിലയില്‍ എല്ലാ കുടിയേറ്റങ്ങളെയും ഒഴിവാക്കുകയെന്നതായിരുന്നു മുദ്രാവാക്യമെങ്കില്‍ രണ്ടാം ഘട്ടം കുറച്ചുകൂടെ രാഷ്ട്രീയസ്വഭാവം കലര്‍ന്നതായിരുന്നു. ആദ്യ ഘട്ടത്തില്‍ പൗരത്വത്തിന്റെ മതവ്യാഖ്യാനമെന്നതിനേക്കാള്‍ മുഴുവന്‍ കുടിയേറ്റങ്ങള്‍ക്കുമെതിരേയായിരുന്നു പ്രക്ഷോഭം. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയയിലേക്കെത്തിയപ്പോഴെക്കും പൗരത്വത്തിന്റെ മതപരമായ വ്യാഖ്യാനമെന്ന പ്രശ്‌നം മുന്‍പന്തിയിലെത്തി.

സമാധാനപരമായി സമരം ചെയ്തിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇരച്ചുകയറിയ കേന്ദ്രസേന ഗുണ്ടകളെപ്പോലെ വിദ്യാര്‍ത്ഥികളെ തല്ലിയൊതുക്കുക മാത്രമല്ല, ലൈബ്രറി ഹാളിലേക്ക് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. സൈന്യത്തിന്റെ നടപടി യുദ്ധസമാനമായിരുന്നെന്ന് ജാമിഅ മില്ലിയ്യ വൈസ് ചാന്‍സലര്‍ പിന്നീട് പറഞ്ഞു. സുരക്ഷാസേന നിരവധി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ആ നീക്കം വിദ്യാര്‍ത്ഥി സമരത്തെ പിന്നെയും വ്യാപിക്കാനിടവരുത്തി. ജെഎന്‍യുവിലെയും ഡല്‍ഹി സര്‍വ്വകലാശാലയിലെയും വിദ്യാര്‍ത്ഥികള്‍ പോലിസ് ആസ്ഥാനം ഉപരോധിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാന്‍ പോലിസ് തയ്യാറായത്. അവര്‍ക്കൊപ്പം ഇന്ന് ഐഐടിയിലെയും അഹമ്മദാബാദ് ഐഐഎമ്മിലെയും ബംഗളൂരു ഐഐഎസ്‌സിയിലെയും വിദ്യാര്‍ത്ഥികള്‍ കൂടെ ചേര്‍ന്നു.

ഇന്ന് തമിഴ് നാട്ടിലെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ ചെന്നൈ സബര്‍ബന്‍ റെയില്‍ ടെര്‍മിനല്‍ ഉപരോധിച്ചിട്ടുണ്ട്. മാത്രമല്ല, മദ്രാസ് ഐഐടിയിലെയും ലയോള കോളജിലെയും തിരുവണ്ണാമലൈയിലെയും വിദ്യാര്‍ത്ഥികളും സമരത്തോടൊപ്പം ചേര്‍ന്നിട്ടുണ്ട്.

കര്‍ണാടകയിലെ ജെയ് സര്‍വ്വകലാശാലയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും സമരത്തിന്റെ ഭാഗമാണ്. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലെയും നാഷണല്‍ ലോ സ്‌കൂളിലെയും വിദ്യാര്‍ത്ഥികളും ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നു.

ഉത്തര്‍പ്രദേശിലെ നദ്‌വത്തുല്‍ ഉലമ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ അനധികൃതമായി കാമ്പസിലെത്തിയ പോലിസുകാര്‍ക്കെതിരേ കനത്ത പ്രതിരോധമുയര്‍ത്തിയാണ് സമരത്തിന് തുടക്കമിട്ടത്. മറ്റു പല സ്ഥാപനങ്ങളിലേക്കും സമരം വ്യാപിച്ചിട്ടുണ്ട്. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഇവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.

മുംബൈ ടിസ്സിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് തെരുവിലാണ്. മുംബൈ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും സമരരംഗത്തുണ്ട്. ചണ്ഡിഗഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞു.

പോണ്ടിച്ചേരി സര്‍വ്വകലാശാല, മൗലാന അസാദ് മെഡിക്കല്‍ കോളജ്, പാറ്റ്‌ന സര്‍വ്വകലാശാല, ഗുവാഹത്തി സര്‍വ്വകലാശാല, കൊല്‍ക്കൊത്ത ജാദവ്പൂര്‍ സര്‍വ്വകലാശാല, ഹൈദരാബാദിലെ മൗലാന അസദ് നാഷണല്‍ ഉര്‍ദു സര്‍വ്വകലാശാല, ഒസ്മാനിയ സര്‍വ്വകലാശാല, തമിഴ്‌നാട്ടിലെ മദ്രാസ് സര്‍വ്വകലാശാല എന്നിവയാണ് വിദ്യാര്‍ത്ഥി സമരം ഉയര്‍ന്നുവന്നിട്ടുള്ള മറ്റ് സര്‍വ്വകലാശാലകള്‍.

Next Story

RELATED STORIES

Share it