Latest News

ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചില്ല: യുപിയിലെ ഏഴ് ജഡ്ജിമാര്‍ പരാതിയുമായി സുപ്രിംകോടതിയില്‍

ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചില്ല: യുപിയിലെ ഏഴ് ജഡ്ജിമാര്‍ പരാതിയുമായി സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജിമാരായി തങ്ങളെ പരിഗണിക്കാത്തതിനെതിരേ യുപിയിലെ ഏഴ് ജുഡൂഷ്യല്‍ ഓഫിസര്‍മാര്‍ സുപ്രിംകോടതിയെ സമീപിച്ചു. തങ്ങളെ കൂടി പരിഗണിക്കാന്‍ കൊളീജിയത്തിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം.

ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ഹരജി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ ഫയലില്‍ സ്വീകരിക്കുകയും അലഹബാദ് ഹൈക്കോടതി സെക്രട്ടറി ജനറലിനും നിയമ വകുപ്പിനും നോട്ടിസ് അയയ്ക്കുകയും ചെയ്തു. നാല് ആഴ്ചയ്ക്കുളളില്‍ പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗസ്റ്റ് 14 ലെ സുപ്രിംകോടതി കൊളീജിയം ശുപാര്‍ശയില്‍ തങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തങ്ങളെ ഹൈക്കോടതി ജഡ്മാരായി ഉയര്‍ത്തണമെന്നും ആവശ്യമുന്നയിച്ചു.

ഇത്തരമൊരു ആവശ്യം സുപ്രിംകോടതിയുടെ മുന്നില്‍ വരുന്നത് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ആദ്യമാണ്.

''ഇത് വളരെ പുതിയൊരു കാര്യമാണ്. ജഡ്ജിമാര്‍ കോടതിയില്‍ വന്ന് തങ്ങളെ ജഡ്ജിമാരായി നിയമിക്കണമെന്ന് പറഞ്ഞതായി അറിവില്ല. ഇതത്ര ശരിയായി തോന്നുന്നില്ല''- ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ പറഞ്ഞു. എങ്കിലും പരാതിക്കാരെ കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അനുമതി നല്‍കി.

ഹൈക്കോടതി കൊളീജിയം തങ്ങളുടെ പേരുകള്‍ ശുപാര്‍ശ ചെയ്‌തെങ്കിലും സുപ്രിംകോടതി കൊളീജിയം അത് പരിഗണിച്ചില്ലെന്നും ജില്ലാ ജഡ്ജിയായ സുഭാഷ് ചന്ദിനെ മാത്രമേ ജഡ്ജിയായി നിയമിച്ചുള്ളുവെന്നുമാണ് ഹരജിയില്‍ പറയുന്നത്. സുഭാഷ് ചന്ദിന്റെ അതേ ബാച്ചിലെ ജഡ്ജിമാരാണ് തങ്ങളെന്നും തങ്ങളുടെ പേരുകള്‍ ശുപാര്‍ശകളില്‍ ഉള്‍പ്പെടാതെ പോയത് നീതിയല്ലെന്നും ഏഴ് പേരും ചൂണ്ടിക്കാട്ടി. പരാതിക്കാരായ രണ്ട് പേര്‍ കഴിഞ്ഞ വര്‍ഷം പെന്‍ഷന്‍ പറ്റി പിരിഞ്ഞവരാണ്.

Next Story

RELATED STORIES

Share it