മതരാഷ്ട്രവാദ പരാമര്‍ശം: എല്‍ഡിഎഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ക്ക് എസ്ഡിപിഐ വക്കീല്‍നോട്ടീസ് അയച്ചു

എല്‍ഡിഎഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ കെ പി സഹദേവനെയും കണ്ണൂര്‍ കോപറേറ്റീവ് പ്രസ് മാനേജറെയുമാണ് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ അയച്ച പരാതിയില്‍ പ്രതിചേര്‍ത്തിട്ടുള്ളത്.

മതരാഷ്ട്രവാദ പരാമര്‍ശം: എല്‍ഡിഎഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ക്ക് എസ്ഡിപിഐ വക്കീല്‍നോട്ടീസ് അയച്ചു

കണ്ണൂര്‍: മതരാഷ്ട്ര പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ക്കെതിരേ എസ്ഡിപിഐ വക്കീല്‍നോട്ടിസ് അയച്ചു. 2020 ജനുവരി 26ന് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന മനുഷ്യമഹാശ്യംഖലയുടെ പ്രചരണാര്‍ത്ഥം അച്ചടിച്ച് വിതരണം ചെയ്ത നോട്ടിസിലെ പരാമര്‍ശത്തിനെതിരേയാണ് പരാതി.

മനുഷ്യമഹാശ്യംഖലയുടെ ഭാഗമായി ചോദ്യോത്തര രൂപത്തില്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ച നോട്ടിസിലാണ് എസ്ഡിപിഐക്കെതിരേ മതരാഷ്ട്രവാദ പാരമര്‍ശം നടത്തിയത്. ''എല്ലാവരും ഒന്നിച്ചു നില്‍ക്കുമ്പോള്‍ ജമാഅത്തെ ഇസ് ലാമിയെയും എസ്ഡിപിഐയെയും മാറ്റിനിര്‍ത്തുന്നത് ശരിയാണോ?'' എന്ന സാങ്കല്‍പിക ചോദ്യത്തിന് ''ഈ രണ്ട് കൂട്ടരും ആര്‍എസ്എസ്‌നെ പോലെ തന്നെ മതരാഷ്ട്രത്തിനായി നിലകൊളളുന്നവരാണ്. ഏത് മതം എന്നതില്‍ മാത്രമാണ് തര്‍ക്കമുള്ളത്. ഇക്കൂട്ടര്‍ ഇസ്ലാമിക രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുന്നു. ഇസ്‌ലാം മതനിയമം രാജ്യത്തിന്റെ നിയമമാണെന്ന് പ്രഖ്യാപിക്കുന്നു.'' എന്ന് മറുപടി പറഞ്ഞിരിക്കുന്നു.

എല്‍ഡിഎഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ കെ പി സഹദേവനെയും കണ്ണൂര്‍ കോപറേറ്റീവ് പ്രസ് മാനേജറെയുമാണ് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ അയച്ച പരാതിയില്‍ പ്രതിചേര്‍ത്തിട്ടുള്ളത്.

തങ്ങള്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇന്ത്യയെ ഒരു ഇസ്ലാംമതരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് വസ്തുതകള്‍ പരിശോധിക്കാതെ പ്രസ്താവിച്ചിരിക്കുകയാണെന്നും പരാമര്‍ശം കള്ളവും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top