Latest News

ദലിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം ആവശ്യപ്പെട്ട് ഹരജി; സുപ്രിം കോടതി കേന്ദ്രത്തിന് നോട്ടിസ് അയച്ചു

ഹരജിക്കാര്‍ക്ക് വേണ്ടി ഫ്രാങ്ക്‌ളിന്‍ സീസര്‍ തോമസ്, എസ് ഗൗതമന്‍ എന്നിവര്‍ ഹാജരായി. മതം മാറുന്നതുകൊണ്ട് സാമൂഹികമായ ബഹിഷ്‌കരണം ഒഴിച്ചുനിര്‍ത്തലും ഇല്ലാതാവുന്നില്ലെന്ന് ഹരജിക്കാര്‍ വാദിച്ചു.

ദലിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം ആവശ്യപ്പെട്ട് ഹരജി; സുപ്രിം  കോടതി കേന്ദ്രത്തിന് നോട്ടിസ് അയച്ചു
X

ന്യൂഡല്‍ഹി: എല്ലാ മതവിഭാഗങ്ങളിലെയും ദലിത് ജനതയ്ക്ക് സംവരണം നല്‍കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് സുപ്രിം കോടതി. ദലിത് ക്രിസ്ത്യാനികളുടെ ഒരു സംഘടന നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയച്ചത്. ദലിത് ക്രിസ്ത്യാനികള്‍ക്കും മതം പരിഗണിക്കാതെ ദലിത് ഹിന്ദുക്കള്‍ക്കുളള ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്ത്യന്‍ (എന്‍സിഡിസി) നല്‍കിയ ഹരജി പരിഗണിക്കുന്നത്. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിലും ഇപ്പോള്‍ നടപ്പാക്കുന്ന സംവരണം മതനിഷ്പക്ഷമാകണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

ഹരജിക്കാര്‍ക്ക് വേണ്ടി ഫ്രാങ്ക്‌ളിന്‍ സീസര്‍ തോമസ്, എസ് ഗൗതമന്‍ എന്നിവര്‍ ഹാജരായി. മതം മാറുന്നതുകൊണ്ട് സാമൂഹികമായ ബഹിഷ്‌കരണം ഒഴിച്ചുനിര്‍ത്തലും ഇല്ലാതാവുന്നില്ലെന്ന് ഹരജിക്കാര്‍ വാദിച്ചു. ക്രിസ്ത്യാനികളായിട്ടും മതത്തില്‍ ജാതി തരംതിരിവുകള്‍ അതേപടി നിലനില്‍ക്കുകയാണ്.

വിദ്യാഭ്യാസം, തൊഴില്‍, സ്‌കോളര്‍ഷിപ്പ്, ക്ഷേമപദ്ധതികള്‍ തുടങ്ങിയവയില്‍ ധനാത്മകമായ വിവേചനം, പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റുവരെ സംവരണ സീറ്റുകളില്‍ മത്സരിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന(ഭേദഗതി) നിയമം, 2018 അനുസരിച്ചുള്ള പരിരക്ഷ തുടങ്ങിയവയാണ് ഹരജിക്കാര്‍ ആവശ്യപ്പെടുന്നത്.

ഈ ആവശ്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു.

ദലിത് ക്രിസ്ത്യാനികളും അതുപോലുള്ള മറ്റ് വിഭാഗങ്ങളും തോട്ടിപ്പണി അടക്കമുളള തൊഴിലുകളില്‍ ഏര്‍പ്പെടാറുണ്ടെന്ന് ഹരജിക്കാര്‍ വാദിച്ചു. ക്രിസ്ത്യാനികള്‍ക്കുപുറമെ മുസ്ലിങ്ങളിലും ഈ ശ്രേണീബദ്ധമായ തരംതിരിവുകള്‍ ദൃശ്യമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

സംവരണവു മതവും തമ്മിലുള്ള ബന്ധം ഇല്ലാതാക്കി എല്ലാ മതത്തില്‍ പെട്ടവര്‍ക്കുമായി അത് വീതിച്ചുനല്‍കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ഭരണഘടന പട്ടികജാതി ഉത്തരവ്, 1950 അനുസരിച്ച് സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഹിന്ദു ഒഴികെ മറ്റ് മതവിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. അത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it